Last updated on January 27, 2022
Let’s Run Our Race diligently – നമുക്കു നമ്മുടെ ഓട്ടം സ്ഥിരതയോടെ ഓടാം
ദൈവ നാമത്തിനു മഹത്വം. വീണ്ടും ഒരിക്കൽ കൂടി ദൈവവചനവുമായി ഈ സൂം മാധ്യമത്തിലൂടെ നിങ്ങളോടൊപ്പം ആയിരിക്കാൻ ദൈവം തന്ന കൃപക്കായി ഞാൻ ദൈവത്തെ സ്തുതിക്കുന്നു.
https://youtu.be/Fnywf2u82i8
ജീവിതത്തിൽ ഒരു ലക്ഷ്യവും ഇല്ലാത്തവരായി ആരും ഉണ്ടാകില്ലല്ലോ അതെ, നമുക്കേവർക്കും ഒരു ലക്ഷ്യമുണ്ട്.
ഒരു ലക്ഷ്യവുമില്ലാതെ ജീവിക്കുന്നവർ വളരെ ചുരുക്കം തന്നെ.
നാം എല്ലാവരും ജീവിതത്തിൽ ഒരു ലക്‌ഷ്യം മുന്നിൽ കണ്ടു മുന്നോട്ടു പോകുന്നവർ തന്നെ എന്നതിൽ സംശയമില്ല.
നമുക്കോരോരുത്തർക്കും ഉള്ള ലക്ഷ്യങ്ങൾ വിവിധങ്ങളുമായിരിക്കും എന്നതിലും തർക്കമില്ല, ഉദാഹരണത്തിന് ഒരു രാഷ്ട്രീയക്കാരൻറെ കാര്യം തന്നെ എടുക്കാം
അയാൾക്ക് ജീവിതത്തിൽ ഒരു ലക്‌ഷ്യം മാത്രം ഏതുവിധേനയും നേതാവാകണം. ബൈ ANY ഹൂക്ക് ഓർ ക്രൂക്ക് HE WANTED TO BE A LEADER
ആ ലക്ഷ്യത്തിലെത്തുവാൻ അയാൾ ഏതു തന്ത്രവും ഒരുക്കും.
ഇന്നലെ വരെ ഒപ്പം നിന്നവരെ ഒറ്റിക്കൊടുത്തു, മറുചേരിയിൽ സ്ഥാനം നേടുവാൻ ഏതു തന്ത്രവും പ്രയോഗിക്കും. ഇതെല്ലാം നാം അനുദിനം വായിക്കുകയും കേൾക്കുകയും ചെയ്യുന്നതാണല്ലോ.
ഏതു വിധേനെയും സ്ഥാനമാനങ്ങൾ കരസ്ഥമാക്കാൻ ഏതു നീചമായ പ്രവർത്തിയിലും അവർ ഏർപ്പെടുന്നു അതിനായി ആരേയും അവർ കരുക്കളാക്കും.
ഇന്ന് കാണുന്ന ജനസേവകർ എന്ന് പറയുന്ന ഒരു നല്ല പങ്കും ഇത്തരക്കാരാണെന്നു വാർത്തകളിലൂടേയും മറ്റും നാം നാമറിയുന്നു. അത് ഒരു രാഷ്ട്രീയക്കാരന്റെ ലക്‌ഷ്യം. അതവിടെ നിൽക്കട്ടെ.
എന്നാൽ അവരേപ്പോലും വെല്ലുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്ന ചിലരെ വിശ്വാസഗോളത്തിലും അവിടവിടെ കാണാം എന്ന് പറയേണ്ടി വരുന്നതിൽ സത്യത്തിൽ ദുഃഖം തോന്നുന്നു.
എന്നാൽ ഒരു കായിക താരത്തിൻറെ ലക്‌ഷ്യം ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.

അയാൾ അല്ലെങ്കിൽ അവൾ ഊണിലും ഉറക്കത്തിലും മെഡൽ നേടണം എന്ന ഒരു ചിന്തയിൽ മാത്രം ജീവിക്കുന്നു. അതിനായി രാപ്പകൽ അദ്ധ്വാനിക്കുന്നു.
നിരന്തരമായ പരിശീലനത്തിലൂടെ അവർ കടന്നു പോകുന്നു.
വളരെ കൃത്യനിഷ്ഠതയോടെ ദിനം തോറും അവർ പ്രാക്ടീസ് ചെയ്യുന്നു,
ലക്ഷ്യപ്രാപ്തിയെത്തുംവരെ ആ പ്രക്രിയ തുടരുകയും ചെയ്യുന്നു.
കാരണം, അവരുടെ ഏക ലക്ഷ്യമെന്നതു ഓട്ടക്കളത്തിൽ അവസാന റൗണ്ടിൽ ആദ്യമെത്തി മെഡൽ കരസ്ഥമാക്കുക എന്നതു മാത്രമാണ്.
അടുത്തിടെ നടന്ന ഒളിമ്പിക്സിൽ അങ്ങനെ അക്ഷീണ പരിശ്രമം നടത്തിയവരെ നാം മാധ്യമങ്ങളിലൂടെ കാണുകയും കേൾക്കുകയും ചെയ്തതാണല്ലോ
അതുപോലെ, നമ്മിൽ ഓരോരുത്തർക്കും ഓരോ ലക്ഷ്യമുണ്ട്, അതിൽ വിജയിക്കാൻ നാമും പരിശ്രമിക്കുന്നു
ചിലർ അതിൽ വിജയം നേടുന്നു മറ്റു ചിലർ അതിൽ പരാജയമടയുന്നു.
Let's Run Our Race diligently - നമുക്കു നമ്മുടെ ഓട്ടം സ്ഥിരതയോടെ ഓടാം. A Sunday Sermon by the blogger p v ariel Share on X
ഈ വിഷയത്തോടുള്ള ബന്ധത്തിൽ അപ്പോസ്തലനായ പൗലോസ് ഫിലിപ്യ ലേഖനത്തിൽ കുറിച്ച ചില വാക്യങ്ങൾ വായിച്ചു ഒരുമിച്ചു ചിന്തിക്കാം എന്നാഗ്രഹിക്കുകയാണ്.
PHILIPPIANS 3: 12 – 14 വാക്യങ്ങൾ വായിക്കാം. “ലഭിച്ചു കഴിഞ്ഞു എന്നോ, തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു എനിക്കും അതു പിടിക്കാമോ എന്നുവെച്ചു പിന്തുടരുന്നതേയുള്ള.
Not as though I had already attained, either were already perfect: but I follow after, if that I may apprehend that for which also I am apprehended of Christ Jesus. ~ Philippians chapter 3:12-14
“സഹോദരന്മാരെ ഞാൻ പിടിച്ചിരിക്കുന്നു എന്ന് നിരൂപിക്കുന്നില്ല ഒന്നു ഞാൻ ചെയ്യുന്നു പിമ്പിലുള്ളത് മറന്നും മുമ്പിലുള്ളതിന് ആഞ്ഞും കൊണ്ട് ക്രിസ്തുയേശുവിൽ ദൈവത്തിൻറെ പരമ വിളിയുടെ വിരുതിനായി ലാക്കിലേക്ക് ഓടുന്നു.
അപ്പോസ്തലനായ പൗലോസിന്റെ ചരിത്രം നമുക്കേവർക്കും അറിയാം, ക്രിസ്തു സഭയെ പീഡിപ്പിക്കുവാൻ കച്ച കെട്ടിയിറങ്ങിയ ഒരാൾ, അതിൽ പരിപൂർണ്ണ ശ്രദ്ധ ചെലുത്തി ഏതുവിധേനയും ഇക്കൂട്ടരെ ഉന്മൂലനം ചെയ്യണം എന്ന ഒരു ചിന്തയിൽ മാത്രം ജീവിതം മുന്നോട്ടു നയിച്ച ഒരാൾ.
എന്നാൽ, ഇതാ, ദമസ്കക്കോസിലെ തെരുവീഥിയിൽ വെച്ച് വലിയവനായ ദൈവം അവനെ പിടിച്ചു, പിന്നീടുള്ള ചരിത്രം തികച്ചും അത്ഭുതകരം തന്നെ.
എത്രമാത്രം തീഷ്ണതയോടെ ദൈവ സഭയെ നശിപ്പിക്കുവാൻ ആഗ്രഹിച്ചുവോ അതിനു പതിന്മടങ്ങു ശക്തിയിൽ ദൈവ സഭാ നിർമ്മിതിക്കും പരിപാലനത്തിനായി താൻ തന്റെ ജീവിതം ഉഴിഞ്ഞു വെച്ചുയെന്നു തൻ്റെ പിന്നീടുള്ള ജീവിതത്തിൽ നിന്നും നാം മനസ്സിലാക്കുന്നു.
പൗലോസ് അപ്പോസ്തലനെപ്പോലെ ദൈവ സഭക്ക് വേണ്ടി ഇത്ര തീവ്രമായി പരിശ്രമിച്ച മറ്റൊരു വ്യക്തിയുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല തന്നേ, എന്നാണതിനുത്തരം.
യേശുക്രിസ്തുവിനാൽ പിടിക്കപ്പെട്ടതിനു ശേഷമുള്ള തന്റെ ജീവിത യാത്രയിൽ താൻ നിരവധി പാഠങ്ങൾ പഠിച്ചു, ആത്മീയ ജീവിതത്തിൽ ഉന്നത നിലയിൽ എത്തിയെങ്കിലും പിന്നെയും താൻ പറയുന്ന വാക്കുകൾ ശ്രദ്ധിക്കുക!
“ഇത് ഞാൻ നേടിക്കഴിഞ്ഞു എന്നോ പൂർണ്ണനായി എന്നോ അല്ല, മറിച്ചു ഇനിയും പ്രാപിക്കേണ്ടതുണ്ട് എന്നാണ് താൻ പറയുന്നത.
താൻ ഏതു പദവിയിൽ ആയിരിക്കുന്നു എന്നതിൻറെ ഒരു പൂർണ്ണ രൂപം ഒന്ന് കൊരിന്ത്യർ ഒമ്പതാം അദ്ധ്യായത്തിൽ നമ്മുക്ക് കാണാം. നിരവധി പദവികൾക്കു യോഗ്യത നേടിയവർ എന്നിട്ടും പറയുകയാണ് ഞാൻ പൂർണ്ണനല്ല എന്ന്, എത്ര അനുകരണീയമായ ഒരു മാതൃക.
എന്നാൽ, നമ്മുടെ ചുറ്റുപാടിലേക്കൊന്നു നോക്കൂ, അല്പമായ ജ്ഞാനം ലഭിച്ചു കഴിയുമ്പോഴേ ഞാൻ എല്ലാം നേടി, എല്ലാം തികഞ്ഞവൻ, എന്ന ഭാവത്തിൽ സഹജീവികളോട് ഇടപെടുന്ന ചിലരെ നമുക്കു ചുറ്റും കാണുവാൻ കഴിയും. അവരോടു സഹതാപം തോന്നുന്നു.
ഇവിടെ നാം പൗലോസ് അപ്പോസ്തലൻറെ മാതൃക പിമ്പറ്റേണ്ടതുണ്ട്, സകല ജ്ഞാനവും നേടിയവൻ, പ്രശംസിക്കാൻ നിരവധി കാര്യങ്ങൾ ഉള്ളവൻ,
നോക്കുക എത്ര വിനയത്തോടെ പറയുകയാണ്, ഞാൻ ഒന്നും നേടിയില്ല ഇനിയും നേടാനുണ്ട്, ക്രിസ്തുവിനുവേണ്ടി ഓടാനുണ്ട്. “ലഭിച്ചു കഴിഞ്ഞു എന്നോ, തികഞ്ഞവനായി എന്നോ അല്ല,
എത്ര മാതൃകാ പരമായ ഒരു പ്രസ്‌താവന.
ജീവിതത്തിൻറെ സായാഹ്നനാളുകളിൽ എത്തി നിൽക്കുന്ന താൻ പറയുകയാണ്, ഇനിയും, ക്രിസ്തുവിൽ തികയേണ്ടതുണ്ടന്ന്, അവനായി നേടേണ്ടതുണ്ട്, ക്രിസ്തുവിനായി ഇനിയും ഓടേണ്ടതുണ്ട്.
എത്ര അത്ഭുതകരം ഈ ചിന്തകൾ.
ഇവിടെ അപ്പോസ്തലൻ തൻ്റെ ലക്‌ഷ്യം ഓട്ടക്കളത്തിൽ ഓടുന്ന ഒരാളോട് സാദൃശ്യപ്പെടുത്തിപ്പറയുന്നു.
ഒരു ഓട്ടക്കാരൻ ഓട്ടമത്സരത്തിൽ പങ്കെടുക്കുപ്പോൾ കർശനമായും ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്.
ഒന്നാമത് തന്റെ ശരീരത്തെ അതിനായി മെരുക്കിയെടുക്കണം. അതിനായി ഭക്ഷണത്തിലെ ക്രമീകരണം, പിന്നെ നിരന്തരമായ വ്യായാമം, തുടങ്ങിയവ ചെയ്യേണ്ടതുണ്ട്. എങ്കിൽ മാത്രമേ അനായാസേന അയാൾക്ക് ഓടി വിജയിക്കാൻ കഴിയൂ.
മറ്റൊന്ന് തൻ്റെ ജീവിത ഭാരങ്ങൾ ഇറക്കി വെച്ച് അല്ലെങ്കിൽ മറന്ന് ഓടേണ്ടതുണ്ട്.
ഓട്ട മത്സരത്തിൽ ഓടുന്നവരെ നാമെല്ലാം ടി വിയിലൂടെയും മറ്റും ശ്രദ്ധിച്ചിട്ടുണ്ടല്ലോ, ട്രാക്കിൽ ഇറങ്ങികഴിഞ്ഞാൽ അവരുടെ നോട്ടം മുമ്പോട്ടു മാത്രമായിരിക്കും . ഇടത്തോട്ടോ വലത്തോട്ടോ നോക്കി ഓടിയാൽ അവർക്കു ലക്ഷ്യത്തിൽ ഏത്താൻ കഴിയില്ല.
ഓട്ടം തുടങ്ങിയശേഷം താൻ എത്ര ദൂരം പിന്നിട്ടു ഒപ്പം ഓടുന്നവർ എവിടെവരെയെത്തി തുടങ്ങിയതൊന്നും അവർ ചിന്തിക്കാൻ പാടില്ല.
അല്ലെങ്കിൽ ഒരു നല്ല ഓട്ടക്കാരന് ഇതൊന്നും ഒരു പ്രശ്നമേ അല്ല. ഇതിലൊന്നും ശ്രദ്ധവെക്കാതെ ഓടിയെങ്കിലും മാത്രമേ അവനു വിജയിക്കാൻ കഴിയൂ എന്നവനറിയാം.
അവർ ഒട്ടും തന്നെ പുറകോട്ടു നോക്കില്ല കരഘോഷമുയർത്തുന്ന കാണികളെ അവർ കാണും പക്ഷെ അതൊന്നു അവർ കാര്യമാക്കാതെ മുന്നോട്ടു ഓടിയെങ്കിൽ മാത്രമേ അവർക്ക് വിജയിക്കാൻ കഴിയൂ.
മറിച്ചു കാണികളുടെ കൈ യ്യടി കേട്ട് അതിൽ ലയിച്ചുപോയാൽ അവനു ഓടി മുമ്പിലെത്താൻ കഴിയാതെ പോകും.
ഒരു ഉദാഹരണം എടുക്കാം, ഇത് വര്ഷങ്ങള്ക്കു മുമ്പ് സംഭവിച്ചതെങ്കിലും ഇന്നും ഭാരത ജനത, പ്രത്യേകിച്ചും കേരളീയർ, വളരെ വേദനയോടെ ഇന്നും ഓർക്കുന്ന ഒന്നത്രേ ആ സംഭവം.
നമുക്കേവർക്കും സുപരിചിതയായ സ്പോർട്സ് താരം പി ടി ഉഷയുടെ കാര്യമാണ് ഞാൻ പറഞ്ഞു വരുന്നത്, അവർക്കു സംഭവിച്ച ഒരു ചെറിയ അശ്രദ്ധ മൂലം ഇന്ത്യക്കു ലഭിക്കേണ്ട ഒളിമ്പിക്സിൽ മെഡൽ നഷ്ടമായി.
ഓട്ടത്തിൽ വന്ന ഒരു ചെറിയ അശ്രദ്ധ, ഓടിക്കൊണ്ടിരുന്ന ട്രാക്ക് ഒന്ന് മാറിയോടി, ഫലമോ വിജയിക്കാൻ കഴിയാതെ പോയി. അതെ ചെറിയ ഒരു അശ്രദ്ധ, വലിയ നഷ്ടം തന്നെ വരുത്തി വെക്കും എന്ന് ആ സംഭവം നമ്മെ വിളിച്ചറിയിക്കുന്നു.
ഓട്ടക്കാരൻ തൻ്റെ ഓട്ടത്തിൽ വളരെ ജാഗ്രതയുള്ളവനായിരിക്കണം എന്ന് കൂടി ഈ സംഭവം വിളിച്ചറിയിക്കുന്നു.
ഏതാണ്ട് 3000 വർഷങ്ങൾക്കു മുമ്പ് ഗ്രീസിൽ ആരംഭിച്ച ഈ ഓട്ടമത്സരം ഇന്നും ഒരു മുഖ്യ കായിക വിനോദമായി തുടരുന്നു.
ഗ്രീക്കുകാരുടെയും, റോമാക്കാരുടേയും ഇടയിൽ നിലനിന്നിരുന്ന പന്തയ ഓട്ടങ്ങൾ, ആയിരുന്നു അവ.
മാനുഷിക പ്രയഗ്നത്തിൻറെ പ്രതീകങ്ങൾ ആയി ഓട്ടത്തെ കാണുന്നു.
നമ്മുടെ ക്രിസ്തീയ ജീവിതവും, ശുശ്രൂഷകളും, കർത്താവിനു വേണ്ടിയുള്ള പ്രയഗ്നവും ഓട്ടമാണ്.
ഇത്തരം ഓട്ടത്തെപ്പറ്റി, Act. 20: 4; Gal. 2:2; 5:7; 2Timothy 4:7; Heb 12:1 എന്നീ ഭാഗങ്ങളിൽ, അഗോൻ എന്ന ഗ്രീക്ക് പദമാണ് ഓട്ടത്തിനോട് ചേർത്ത് ഉപയോഗിച്ചിരിക്കുന്നത്, ആ വാക്കിനർത്ഥം, മത്സരം, പോരാട്ടം എന്നിവയാണ്.
മുഖ്യമായും കായിക താരങ്ങൾ തമ്മിലുള്ള മത്സരങ്ങളാണ് ഇവിടെ വിവക്ഷിചിരിക്കുന്നത്.
1 കൊരിന്ത്യർ 9:24 സ്റ്റാഡിയൊൻ എന്ന ഗ്രീക്ക് പദമാണ് ഇവിടെ ഓട്ടക്കളം എന്നതിനുപയോഗിച്ചിരിക്കുന്നത്. ഗ്രീക്ക് ഭാഷയിലെ ഈ പദത്തിൽ നിന്നാണ് ഇംഗ്ലീഷ് ഭാഷയിൽ സ്റ്റേഡിയം എന്ന പദം ഉണ്ടായത്.
സ്റ്റാഡിയൊൻ ഒരു ദൈർഘ്യ അളവാണ്, അതായത് 185 മീറ്റർ അഥവാ ഒരു ഫർലോങ്. എന്നാണ് ഇതോടുള്ള ബന്ധത്തിൽ ഒരു ബൈബിൾ നിഘണ്ടുവിൽ .കാണാൻ കഴിഞ്ഞത്. സന്ദർഭവശാൽ ഇത് സൂചിപ്പിച്ചുയെന്നു മാത്രം.
ഒരു പക്ഷെ, ഓട്ടത്തിനും, കായിക മത്സരത്തിനും അക്കാലത്തു ഇത്ര പ്രാധാന്യം ഉള്ളത് തന്നെയായിരിക്കാം പൗലോസ് അപ്പോസ്തലൻ തൻ്റെ ലേഖനങ്ങളിൽ മനുഷ്യ ജീവിതത്തിൻറെ ഒരു പ്രതീകമായി ഓട്ടത്തെ ചിത്രീകരിച്ചതും.
താൻ പറയുന്നു, പിമ്പിലുള്ളത് മറന്നു മുമ്പിലുള്ളതിനായി വ്യഗ്രതയോടെ ഓടുക എന്ന്.
ഇവിടെ നമുക്ക് നല്ലൊരു പാഠം ലഭ്യമാകുന്നുണ്ട്.
ഇന്നലെകളെ അല്ലെങ്കിൽ പഴയ കാലങ്ങളെ മറന്ന് ഇന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു ലക്ഷ്യത്തിലേക്കു ഓടണം.
പഴയതെല്ലാം ഓർത്തിരുന്നാൽ ഒരു പക്ഷെ പലതും തളർത്തുന്ന ഓർമ്മകളാകാം, അത് മുന്നോട്ടുള്ള ഓട്ടത്തിന് തടസം ആവുക തന്നെ ചെയ്യും.
ആധുനിക മലയാള പരിഭാഷയിൽ ആ വാക്യം ഇപ്രകാരം വായിക്കുന്നു,
“പിമ്പിലുള്ളത് മറന്നു മുമ്പിൽ ഉള്ളതിനായി കുതിക്കുന്നു”
അതിനർത്ഥം ലക്ഷ്യത്തിലേക്കു അതിവേഗം പായുന്നു എന്നർത്ഥം.
അല്ലെങ്കിലും ഓട്ടം എന്നത് മന്ദഗതിയിൽ നടക്കുന്ന ഒന്നല്ലല്ലോ, മറിച്ചു വേഗത്തിൽ നടക്കുന്ന ഒരു പ്രക്രിയ തന്നെയത്.
ഇത് പറഞ്ഞ വ്യക്തിയെപ്പറ്റി നാം ഒന്ന് കൂടി ഓർക്കേണ്ടതുണ്ട്, അത് കേവലം ഒരു യൗവനക്കാരനോ, അല്ലെങ്കിൽ എന്നെപ്പോലെ ഒരു മധ്യവയസ്കനോ അല്ല അത് പറഞ്ഞത്, അദ്ദേഹം ഒരു പ്രാപ്‌ത വയസ്കന് അഥവാ ആയുസിൻറെ അവസാന നാളുകളിലേക്ക് എത്തിനിൽക്കുന്ന ഒരാളായിരുന്നു.
അതെ അപ്പോസ്തലൻ ഇതെഴുതുമ്പോൾ താൻ വാർധക്യത്തിൻറെ അവസാന നാളുകളിൽ ആയിരുന്നു എന്ന് മനസ്സിലാക്കുവാൻ കഴിയുന്നു.
ഒരു പക്ഷെ ഒരു യുവാവിന് പുറകോട്ടു തിരിഞ്ഞു നോക്കുമ്പോൾ തൻ്റെ ജീവിതത്തിൽ അധികമൊന്നും കാണാൻ ഇല്ലായിരിക്കാം തന്മൂലം അവനു വലിയ തടസ്സങ്ങൾ ഒന്നും ഇല്ലാതെ തന്നെ മുന്നോട്ടു ഓടുവാൻ കഴിഞ്ഞേക്കാം.
അങ്ങനെയുള്ളവർക്ക് ഇനിയും വളരെ ദൂരം ഓടേണ്ടതുണ്ട്, അല്ലെങ്കിൽ, ഓടുവാൻ കഴിയും എന്ന ചിന്തയും സ്വാഭാവികമായും ഉണ്ടാകാം.
അതായത് അവരെ പുറകോട്ടു പിടിച്ചു വലിക്കുന്ന വലിയ തടസ്സങ്ങൾ ഒന്നും ഉണ്ടാകില്ല എന്ന ചിന്ത, എന്നാൽ പ്രായാധിക്യം ചെന്ന ഒരു വ്യക്തിയുടെ അവസ്ഥ അതല്ലല്ലോ.
അത്തരക്കാർക്കു പൂർത്തീകരിക്കാൻ ഇനി അധിക ദൂരം ഓടേണ്ടതില്ല, പക്ഷെ അവരെ പുറകോട്ടു നോക്കുവാൻ പ്രേരിപ്പിക്കുന്ന നിരവധി ഘടകങ്ങളും, ഓർമ്മകളും അവരുടെ ജീവിതത്തിൽ ഉണ്ടാകാം.
അവയിലേക്ക് തിരിഞ്ഞു നോക്കിയാൽ ലക്ഷ്യത്തിലെത്താൻ ഒരിക്കലും അവർക്ക് കഴിയില്ല.
ചുരുക്കത്തിൽ ഓട്ടക്കളത്തിൽ ഓടുമ്പോൾ ലക്ഷ്യത്തിലെത്താൻ പലതിനേയും പുറകിൽ എറിഞ്ഞു കളയേണ്ടതുണ്ട്, അല്ലെങ്കിൽ വിജയം കൈവരിക്കാൻ കഴിയില്ല.
അതെ, പല കാര്യങ്ങളെയും വർജ്ജിക്കേണ്ടതുണ്ട് എന്നു ചുരുക്കം.
പ്രിയയങ്കരമായ പലതിനെയും ഉപേക്ഷിക്കേണ്ടതുണ്ട്, പലപ്പോഴും അത് പ്രയാസകരമായ ഒരു കാര്യം തന്നെ.
അതെ, ഈ ഓട്ടക്കളത്തിലെ ഓട്ടക്കാരായ നാം ഇത് ഓർത്തിരിക്കേണ്ടതുണ്ട്, എന്നാൽ, നമുക്കൊരു പ്രത്യേകതയുണ്ട്, ഈ ലോകത്തിലെ മറ്റു ഓട്ടക്കാരെപ്പോലെയല്ല നാം.
അതെ, നമ്മുടെ ലക്‌ഷ്യം വ്യത്യസ്തമാണ്!
നാം ഓരോരുത്തരും സ്വർഗ്ഗീയ കാനാനിലേക്കുള്ള ഓട്ടത്തിന്നായി തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടമത്രെ!
നമ്മുടെ ഓട്ടം അല്ലെങ്കിൽ ഈ ലോകത്തിലെ ജീവിതം വളരെ ശ്രദ്ധയോടെ വീക്ഷിക്കുന്ന നിരവധിപ്പേർ നമുക്ക് ചുറ്റുമുണ്ടെന്ന ചിന്തയിൽ അതീവ ശ്രദ്ധയോടെ തന്നേ നാം ഓടേണ്ടതുണ്ട്.
അതെ, കായിക രംഗത്തെ മത്സരാർഥികളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു നിലപാടാണ്
നമ്മുടെ ഓട്ടത്തിൽ നാം പാലിക്കേണ്ടത്.
നമുക്ക് നമ്മുടെ ഓട്ടം സ്ഥിരതയോടെ ഓടുവാൻ തീർച്ചയായും കായിക താരങ്ങളെപ്പോലെ തന്നെ ചില കാര്യങ്ങൾ വർജ്ജിക്കേണ്ടതുണ്ട് എന്ന കാര്യം ഒരു വസ്തുത തന്നെ, എന്നാൽ അവരെപ്പോലെയല്ല നാം ഓടേണ്ടത്.
പിന്നെ എങ്ങനെയാണ് നാം ഓടേണ്ടത്
അതെങ്ങനെയെന്നു നമുക്കൊന്ന് ചിന്തിക്കാം
1 . ഒന്നാമതായി നാം നമ്മുടെ പഴയകാല പാപങ്ങളെ മറക്കേണ്ടതുണ്ട് .
ഒരുകാലത്തു നാം എല്ലാവരും പാപികൾ ആയിരുന്നു, അഥവാ പാപ പ്രവർത്തികളിൽ ഏർപ്പെട്ടു, ഇരുളിന്റെ സന്തതികളായി ജീവിച്ചിരുന്നവർ.
എന്നാൽ കരുണാ സമ്പന്നനായ ദൈവം നമ്മെ ഓരോരുത്തരെയും കാലാകാലങ്ങളിലായി വിളിച്ചു വേർതിരിച്ചു അവന്റെ മക്കളാക്കി മാറ്റി. നമ്മെ പാപ വിമുക്തരാക്കി.
ഇനി നാം ആ പാപങ്ങളെ ഓർക്കേണ്ടതില്ല!
മറ്റു ചില സഭാംഗങ്ങൾ
ചെയ്യുന്നതുപോലെ, പറയുന്നതുപോലെ പാപിയായ ഞങ്ങളോട് കരുണയുണ്ടാകണേ എന്ന് നാം വീണ്ടും വീണ്ടും ഓർത്തു പറയേണ്ടതോ, പ്രാർത്ഥിക്കേണ്ടതോ ഇല്ല എന്ന് ചുരുക്കം. കാരണം നമ്മുടെ പാപങ്ങൾ അവൻ എന്നേക്കുമായി ക്ഷമിച്ചു തന്നു. അവൻ അത് ഇനി നമ്മോട് കണക്കിടില്ല തന്നേ.
അതെ, അവൻ നമ്മെ എന്നേക്കുമായി പാപ് വിമുക്തരാക്കിയിരിക്കുകയാണ്.
നമ്മുടെ പാപങ്ങളെ നമ്മുടെ കർത്താവ് ആഴക്കടലിലേക്കു വലിച്ചെറിഞ്ഞിരിക്കുകയാണ്.
1 യോഹന്നാൻ 1 :9 ൽ നാം, ഇങ്ങനെ വായിക്കുന്നു, ” നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നുവെങ്കിൽ അവൻ നമ്മുടെ പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പൊക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനുമാകുന്നു.
അങ്ങനെ കരുണ ലഭിച്ച നാം വീണ്ടും അതോർക്കേണ്ടതല്ല, അതെ നാം പാപവിമുക്തർ തന്നെ.
സാദൃശ്യവാക്യത്തിൽ നാം ഇപ്രകാരം വായിക്കുന്നു സാദൃശ്യവാക്യ 28:13 തൻ്റെ ലംഘനങ്ങളെ ഏറ്റു പറഞ്ഞു ഉപേക്ഷിക്കുന്നവന് കരുണ ലഭിക്കും.
അതോടു ചേർത്ത് സങ്കീർത്തനം 103 :12 വാക്യം കൂടി നമുക്ക് വായിക്കാം: ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു.
അതെ ദൈവം നമ്മുടെ ലംഘനങ്ങളെ, പാപങ്ങളെ എന്നേക്കുമായി മറന്നു കളഞ്ഞിരിക്കുന്നുയെങ്കിൽ പിന്നെ നാം എന്തിനതോർക്കണം.
പാപം വിമോചിതരായി കരുണ ലഭിച്ചവരത്രേ നാം. പ്രധാനമായും അവൻ ചെയ്ത ആ വലിയ നന്മക്കു, കരുണക്കു നന്ദി അർപ്പിക്കുവാനാണല്ലോ നാം ആഴ്ച തോറും ദൈവ സന്നിധിയിൽ കടന്നു വരുന്നതും, അതേ അതിനായി നമുക്ക് അവനോടു എപ്പോഴും നന്ദിയുള്ളവരായിരിക്കാം.
അതേ നമുക്ക് നാം ചെയ്ത മുൻകാല പാപങ്ങളെ മറക്കാം.
ദൈവം നമ്മിൽനിന്നും ആഗ്രഹിക്കാത്ത ഒരു കാര്യം പിന്നെ നാം എന്തിനോർക്കണം.
2 രണ്ടാമതായി നാം മറക്കേണ്ടത് നമുക്ക് സംഭവിച്ച പരാജയങ്ങളാണ്
ഒരു പക്ഷെ പലർക്കും ഇതത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. കഴിഞ്ഞു പോയ അല്ലെങ്കിൽ സംഭവിച്ച പരാജയങ്ങളെ ഓർത്തു വിലപിക്കുന്ന പലരെയും നമുക്കു ചുറ്റും കാണാൻ കഴിയും.
അതെ, ചിലപ്പോൾ നാമും അതോർത്തു ദുഃഖിക്കാറില്ലേ, അത് പാടില്ല അതിനെ മറന്നെങ്കിലും മാത്രമേ നമുക്ക് മുന്നോട്ടു ഗമിക്കാൻ കഴിയൂ.
ചിലർ സ്വന്ത പരാജയത്തേക്കാൾ മറ്റുള്ളവരുടെ പരാജയത്തെ, അല്ലെങ്കിൽ അവരുടെ കുറവുകളെ അണുവിട വിടാതെ ഓർക്കുവാൻ ശ്രമിക്കുന്നവരാണ്, അത്തരക്കാർ അതിൽ ഒരു സന്തോഷം കണ്ടെത്തുന്നു.
പ്രീയപ്പെട്ടവരെ, നമ്മുടെ പരാജയങ്ങളെ ഒപ്പം സഹജീവികളുടെ പരാജയത്തെ നമുക്ക് മറന്നു മുന്നോട്ടൊടാം എങ്കിൽ മാത്രമേ നമുക്ക് ലക്ഷ്യത്തിൽ എത്തുവാൻ കഴിയൂ!
കുറവുകൾ, വീഴ്‌ചകൾ, പരാജയങ്ങൾ ജീവിതത്തിൽ സംഭവിക്കാത്ത ആരെങ്കിലും ഉണ്ടോ? ഇല്ല തന്നെ അതാണതിനുത്തരം.
നമ്മുടെ ഈ ലോക ജീവിത യാത്രയിൽ നമ്മുടെ ഓട്ടത്തിന് വിഘ്‌നം വരുത്തുന്ന ഇത്തരം കാര്യങ്ങളെ നമുക്ക് മറന്നു കൊണ്ട് നാം ഓടേണ്ടതുണ്ട്.
പകരം അവയെ ഓർത്തിരുന്നാൽ നമ്മുടെ ക്രിസ്തീയ ജീവിതം മുരടിച്ചു പോകാനേ സഹായകമാകൂ, അത് വളരില്ല, മുന്നോട്ടു നീങ്ങില്ല.
3. പരാജയങ്ങൾ മറക്കുന്നതിനോടൊപ്പം മറ്റൊരു കാര്യം കൂടി നാം മറക്കേണ്ടതുണ്ട്, അത് നമ്മുടെ നേട്ടങ്ങൾ തന്നെ.
മുൻകാല നേട്ടങ്ങൾ, വിജയങ്ങൾ, അല്ലെങ്കിൽ വേണ്ട ഇപ്പോഴനുഭവിക്കുന്ന നേട്ടങ്ങൾ, വിജയങ്ങൾ, അത് പലതുമാകാം, അതിൽ ഊന്നൽ കൊടുത്താൽ ജീവിതത്തിൽ അഹന്ത വർധിപ്പിക്കുന്നതിന് മാത്രമേ അതു സഹായകമാകൂ.
ചിലർ തങ്ങളുടെ പഴയകാല പരിചയങ്ങൾ അറിവുകളിൽ മാത്രം ഊന്നൽ കൊടുക്കുന്നു. അതിൽ അവർ ആനന്ദം കണ്ടെത്തുന്നു.
മറ്റു ചിലർ തങ്ങളുടെ കഴിവിൽ, അല്ലെങ്കിൽ, സമ്പത്തിൽ ആനന്ദം കണ്ടെത്തി സ്വയം പുകഴുന്നു
തീർച്ചയായും ഇത്തരം ചിന്തകൾ നമ്മുടെ ക്രിസ്‌തീയ ജീവിത ഓട്ടത്തിന് വിഘ്നം വരുത്തുക തന്നെ ചെയ്യും എന്നതിൽ സംശയമില്ല.
ജീവീതത്തിലെ പരാജയങ്ങളെ മറക്കുന്നതോടൊപ്പം നമ്മുടെ നേട്ടങ്ങളും വിജയങ്ങളും മറന്നെങ്കിൽ മാത്രമേ നമുക്ക് മുന്നോട്ടു ഓടുവാനുള്ള കരുത്തു ലഭിക്കുകയുള്ളു.
4 ഇനി നാം മറക്കേണ്ടത് നമ്മുടെ പഴയകാല സുഖങ്ങളും സന്തോഷങ്ങളുമാണ്
ഇവിടെ, ഇസ്രയേൽ മക്കളുടെ ജീവിതം നമുക്കൊരു മുന്നറിയിപ്പായി നിൽക്കുന്നു.
അവർ തങ്ങൾ മിശ്രയെമിൽ അനുഭവിച്ച ഭൗതിക നന്മകളെക്കുറിച്ചു ഓർത്തു വിലപിച്ചുകൊണ്ടിരുന്നു.സംഖ്യാ പുസ്തകം 11: 5 -6 ; 20:5; 21:5 തുടങ്ങിയ വാക്യങ്ങളിൽ നാമത് വായിക്കുന്നു.
മിശ്രയെമിൽ ഞങ്ങൾക്ക് അതുണ്ടായിരുന്നു, ഇതുണ്ടായിരുന്നു, ഇവിടെ എന്നും ഈ മന്ന മാത്രം എന്ന് പറഞ്ഞു വിലപിക്കുന്നതായി അവരുടെ ചരിത്രത്തിൽ നിന്ന് നാം മനസ്സിലാക്കുന്നു.
അവരിപ്പോൾ അനുഭവിക്കുന്ന ദൈവീക പരിപാലനത്തിൻറെ വിലയറിയാതെ, അതിനെ തുഛീകരിച്ചു കണ്ടു. പകരം മിശ്രയെമിലെ സമൃദ്ധി അവർക്കു വലുതായി തോന്നി, അതുമൂലം എന്താണ് സംഭവിച്ചത്ന്നു നമുക്കറിയാമല്ലോ, അവർക്കു അവരുടെ ഓട്ടം പൂർത്തീകരിക്കാൻ കഴിയാതെ പോയിഎന്ന് അവരുടെ ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു.
നമുക്ക് അവരുടെ പാത പിൻപറ്റാതിരിക്കാം.
5 അഞ്ചാമതായി നാം, നമ്മുടെ പഴയ കാല സുഖങ്ങൾ മറക്കുന്നതിനൊപ്പം മറക്കേണ്ട ഒന്നത്രേ നമ്മുടെ പഴയ കാലത്തെ പരിതാപകരമായ അവസ്ഥയും
ഓർമ്മിക്കാൻ പറ്റാത്ത തരം അസുഖകരമായ പല കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ വന്നു ഭവിച്ചിരിക്കാം, പലപ്പോഴും അത് ഓർമ്മയിൽ ഓടിയെത്താൻ സാധ്യതകൾ വളരെയാണ്.
ഒരു പക്ഷെ അത് കൂട്ട് സഹോദരനിൽ നിന്നും ലഭിച്ച മുറിവേൽപ്പിക്കുന്ന ഒരു അനുഭവമായിരിക്കാം.
പക്ഷെ അത്തരം ഓർമ്മകളും നാം മറക്കേണ്ടതുണ്ട് എങ്കിൽ മാത്രമേ നമ്മുടെ ക്രിസ്തീയ ജീവിതം സുഗമമായി നമുക്ക് ഓടാൻ കഴിയൂ.
ഇതുവരെ നാം മറന്നുകളയേണ്ട കാര്യങ്ങളെപ്പറ്റിയാണ് ചിന്തിച്ചത് ഇനി നാം ഓർക്കേണ്ട ചില കാര്യങ്ങളെപ്പറ്റിക്കൂടി ചിന്തിക്കാം
നാം, ആദ്യം വായിച്ച വേദഭാഗത്തു നാം ചെയ്യേണ്ട മൂന്ന് കാര്യങ്ങൾ അപ്പോസ്തലൻ ചൂണ്ടിക്കാട്ടുന്നു.
1. ഒന്നാമതായി പരിപൂർണ്ണതയിലേക്കുള്ള ഒരു ഓട്ടമായിരിക്കണം നമ്മുടേത്.
ഇവിടെ പരിപൂര്ണത എന്ന് വിവക്ഷിക്കുന്നത് നമ്മുടെ ആത്മീയ പക്വതയെക്കുറിച്ചു തന്നെ.
നാം ഇവിടെ വളരെ ശ്രദ്ധിക്കേണ്ടതുണ്ട് നാം പക്വതയോടെയോ ഓടുന്നത്, നമുക്കിതെങ്ങനെ പ്രാപിക്കാം.
നിരന്തരമായ ദൈവ വചന ധ്യാനത്തിലൂടെയും പ്രാര്ഥനയിലൂടെയും മാത്രം കൈവരിക്കാൻ കഴിയുന്ന ഒന്നത്രെയിതു.
നമുക്കിവിടെ വിജയം നേടേണ്ടതുണ്ട്, നമ്മുടെ ജീവിതത്തിൽ ഇതിന് എത്രമാത്രം പ്രാധാന്യം നൽകി നാം മുമ്പോട്ട് പോകുന്നുയെന്ന് നമുക്ക് നമ്മെ തന്നെ ഒന്ന് ശോധന ചെയ്യാം.
2 . രണ്ടാമതായി നാം ഓർക്കേണ്ടത് നാം പൂർണ്ണ മനസ്സോടെ ലക്ഷ്യത്തിലേക്കു ഓടണം എന്നതാണ്.
കർത്താവ് നമ്മിൽ നിന്നും ആഗ്രഹിക്കുന്നത് നാം പൂർണ്ണ മനസ്സോടെ ലക്ഷ്യത്തിലേക്കു ഓടണം എന്നാണ്.
അതെ, നാം മറ്റാർക്കോ വേണ്ടി ഓടുന്നവരായിട്ടല്ല, നമുക്കുവേണ്ടി തന്നെ ഓടുന്നവരായിരിക്കണം.
വാക്യം 12 അവസാന ഭാഗം: പൗലോസിനെപ്പോലെ നാമും കാലാകാലങ്ങളിലായി ക്രിസ്തു യേശുവിനാൽ പിടിക്കപ്പെട്ടവരാണ്.
കർത്താവിനു നമ്മെ ഓരോരുത്തരോടുള്ള ബന്ധത്തിൽ ഓരോ ഉദ്ദേശങ്ങൾ ഉണ്ട്.
ROMANA 8: 28-30 വേദഭാഗത്തിൽ 29 ആം വാക്യത്തിന്റെ അവസാന ഭാഗം നാം ഇങ്ങനെ വായിക്കുന്നു:
അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.
അതെ നമ്മെക്കുറിച്ചുള്ള ദൈവത്തിൻറെ ഉദ്ദേശം ഇതാണ് അവന്റെ സ്വരൂപത്തോടു അനുരൂപരാകുക അഥവാ അവനെപ്പോലെ ആകുക എന്നർത്ഥം.
തീർച്ചയായും ഇത് നമുക്ക് സാധിക്കും, നാം അവനോടു എത്രത്തോളം പറ്റിച്ചേർന്നു ജീവിക്കുന്നുവെന്നോ അതിനെ ആശ്രയിച്ചിരിക്കും ഈ കാര്യം സഫലീകരിക്കപ്പെടുക.
അത് , ഒന്നിനാൽ മാത്രം സാധ്യം, നേരത്തെ സൂചിപ്പിച്ചതുപോലെ
അവൻ ഇപ്പോൾ നമ്മോടു സംസാരിക്കുന്ന തിരുവചന ധ്യാനം, മറ്റൊന്ന് , അവനുമായുള്ള സംഭാഷണം അഥവാ നമ്മുടെ പ്രാർത്ഥന.
ഇതിനാൽ നമുക്ക് അവൻ്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ കഴിയും. ഇത് നാം ഈ നാളുകളിൽ വളരെ ഗൗവരവത്തോടെ തന്നെ നമ്മുടെ ജീവിതത്തിൽ പകർത്തേണ്ടതുണ്ട്.
എങ്കിൽ മാത്രമേ അവൻ്റെ സ്വഭാവത്തിന് അനുരൂപരായി , നമുക്ക് സുഗമമായി, തടസ്സമില്ലാതെ മുന്നോട്ടു ഓടുവാൻ കഴിയൂ.
ലോക മർത്യരെപ്പോലെ ഒരു ലക്ഷ്യവുമില്ലാത്ത ഒരു ജീവിതമല്ല നമ്മുടെ ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നത്.
കുറേക്കാലം ഈ ഭൂമിയിൽ ജീവിച്ചു, ഭൗതികമായി ചിലതെല്ലാം നേടി, അതു മക്കൾക്കും കൊച്ചുമക്കൾക്കും വേണ്ടി സ്വരുക്കൂട്ടി വെച്ച്, മറ്റുള്ളവരുടെ മുമ്പിൽ മാന്യമായ ഒരു ജീവിതം നയിക്കുക മാത്രമല്ല നമ്മുടെ കർത്താവ് നമ്മെക്കുറിച്ചു ആഗ്രഹിക്കുന്നത്.
അതൊക്കെ വളരെ നല്ലത് തന്നേ, ആവശ്യവുമാണ്, എന്നാൽ അതിനായി മാത്രം ജീവിതം മാറ്റിവെക്കുകയെന്നു പറയുന്നത് ഒരിക്കലും ശരിയല്ല തന്നേ.
അതു നമ്മേക്കുറിച്ചുള്ള ദൈവോദ്ദേശവുമല്ല എന്നു നാം ഓർക്കേണ്ടതുണ്ട്,
നമുക്കു ലഭിച്ച അനുഗ്രഹങ്ങൾ, അതു പലതുമാകാം, നമ്മുടെ ധനം മാത്രമല്ല ഞാൻ അനുഗ്രഹങ്ങൾ എന്നു പറഞ്ഞതിൽ നിന്നും ഉദ്ദേശിച്ചത്,
അതു നാം നേടിയ അറിവുകൾ,കഴിവുകൾ, താലന്ത്തുകൾ തുടങ്ങി മറ്റനേക കാര്യങ്ങൾ മറ്റുള്ളവർക്ക് കൂടി ഉപകാരപ്രദമായ രീതിയിൽ പങ്കിടുന്നുയെങ്കിൽ അതെത്ര പ്രസംശനീയമാകും.
നമുക്കു ലഭിച്ചിരിക്കുന്ന കഴിവുകൾ അനുഗ്രഹങ്ങൾ നമുക്കു സ്വയമായി അനുഭവിക്കാനല്ല ദൈവം നൽകിയിരിക്കുന്നതെന്നു നാം ഓർക്കേണ്ടതുണ്ട്.
അതെ നമുക്ക് നമ്മുടെ അനുഗ്രഹങ്ങൾ സമ ശിഷ്ടങ്ങൾക്കായും പങ്കു വെക്കാം
അവനു പ്രസാദകരമായ, അവന്റെ സ്വഭാവത്തോടെ അനുരൂപമായ ഒരു ജീവിതം നയിക്കുക എന്നതാണ് അവൻ നമ്മിൽ നിന്നും ആഗ്രഹിക്കുന്നത്, അങ്ങനെ ആയാൽ മുൻപറഞ്ഞ കാര്യങ്ങളിൽ നാം സ്വയവേ ഏർപ്പെടും,
ഇവിടെ ഒരു കാര്യം നാം ഓർക്കേണ്ടതുണ്ട്, പരീശ ഭക്തൻ ചെയ്തത് പോലെ പെരുമ്പറ കൊട്ടി നാലാളെ അറിയിച്ചുകൊണ്ടാകരുത് അതു ചെയ്യുന്നത് എന്ന കാര്യവും നാം ഓർക്കേണ്ടതുണ്ട്.
അതെ, നാം മറ്റൊരാൾക്ക് ഒരു നന്മ ചെയ്താൽ അത് നാലാൾ അറിയാനായി മാധ്യമങ്ങളിലൂടെ പരസ്യം ചെയ്തു അറിയിച്ചുകൊണ്ടാകാതിരിക്കട്ടെ.
വലം കൈ ചെയ്യുന്നത് ഇടം കൈ അറിയാതെ അത് ചെയ്യാൻ പറഞ്ഞ നമ്മുടെ കർത്താവിൻറെ വാക്കുകളെ നമുക്ക് മറക്കാതിരിക്കാം.
നമുക്കു ദൈവം നൽകിയിരിക്കുന്ന അനുഗ്രഹങ്ങൾ അതിനർഹരായവർക്ക് നൽകുവാൻ നമ്മാൽ കഴിവതും നമുക്കു ശ്രമിക്കാം.
അങ്ങനെ ജീവിക്കാൻ കഴിഞ്ഞാൽ നാം ധന്യരായി, അവന്റെ നാമം നമ്മിലൂടെ മഹത്വപ്പെടും, ഒപ്പം അതവന് ഏറ്റവും പ്രസാദകരമായ ഒന്നുമായിരിക്കും.
അതെ, ഈ വലിയ ഉദ്ദേശത്തോടു കൂടി തന്നെയാണ് അവൻ നമ്മെ ഓരോരുത്തരെയും പിടിച്ചിരിക്കുന്നത്, ആ ഉദ്ദേശം നമുക്ക് നിറവേറ്റാം, അതെ, ഈ സത്യം നാം തിരിച്ചറിഞ്ഞു അതിനനുസരിച്ചു ജീവിക്കേണ്ടതും, പ്രവർത്തിക്കേണ്ടതുമുണ്ട്.
നമ്മെ ഓരോരുത്തരെയും കർത്താവ് ഓരോ ദൗത്യം ഏല്പിച്ചിരിക്കുന്നു, അത് ഏതെന്നു തിരിച്ചറിഞ്ഞു, അതിനനുസരിച്ചു നമുക്ക് നമ്മുടെ ഓട്ടം മുന്നോട്ട് ഓടാം.
3 മൂന്നാമതായി, നാം മറക്കുവാൻ പാടില്ലാത്ത അതിപ്രധാനമായ മറ്റൊരു കാര്യം, ദൈവ രാജ്യത്തിലേക്ക് ആത്മാക്കളെ നേടുക എന്നുള്ളതാണ്.
ഇത് കേവലം ഒരു സുവിശേഷകൻറെ പ്രവർത്തി മാത്രമാണെന്ന ധാരണ പലർക്കുമുണ്ട്, അത് തികച്ചും തെറ്റായ ചിന്ത തന്നെ.
ഓരോ വിശ്വാസിയുടെയും ദൗത്യംകൂടിയാണത് എന്ന് തിരുവചനം വളരെ വ്യക്തമായി പറയുന്നു.
ഇവിടെയും, പൗലോസിന്റെ വാക്കുകൾ പ്രസ്താവ്യമത്രേ. ഒന്ന് കൊരിന്ത്യർ ഒൻപതിന് പതിനാറാം വാക്യം നോക്കുക:
1 Cor 9:16
“ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ പ്രശംസിപ്പാൻ ഒന്നുമില്ല. നിർബ്ബന്ധം എന്റെമേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്ക് അയ്യോ കഷ്ടം!
വീണ്ടും അടുത്ത വാക്യത്തിൽ നാം ഇങ്ങനെ വായിക്കുന്നു: “ഞാൻ മനപൂർവ്വം നടത്തുന്നുയെങ്കിൽ എനിക്ക് പ്രതിഫലം ഉണ്ട്; മനഃപൂർവ്വമല്ലെങ്കിലും കാര്യം എങ്കൽ ഭരമേല്പിച്ചിരിക്കുന്നു.
ഇത് നമ്മെ ഓരോരുത്തരോടുള്ള കാര്യത്തിലും ബാധകം തന്നെ, സുവിശേഷം അറിയിക്കുവാൻ നാം കടപ്പെട്ടിരിക്കുന്നു.
ഇവിടെ, അല്ലെങ്കിൽ ഈ കാര്യത്തിൽ നമ്മുടെ പങ്കെന്ത് എന്ന് നാം ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്, കാരണം, ഇത് ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നതിനാൽ തന്നെ.
അതെ നാം ഒരിക്കലും മറന്നു കളയാൻ പാടില്ലാത്ത ഒന്നത്രേ ദൈവരാജ്യ വിസ്‌തൃതിക്കായി നാം പ്രവർത്തിക്കണം എന്ന സത്യം, ഓരോരുത്തർക്കും അത് വിവിധ നിലകളിൽ ഇന്ന് ചെയ്‍വാൻ കഴിയും.
കർത്താവിന്റെ വരവ് ആസന്നമായിരിക്കുന്ന ഈ നാളുകളിൽ നാമത് അധികമധികമായി ചെയ്യേണ്ടതുണ്ട്.
പലപ്പോഴും നാം കാര്യമായെടുക്കാത്ത, അല്ലെങ്കിൽ നിസ്സാരമാക്കി കളയുന്ന ഒന്നത്രേ ഇത്.
അതെ, ഈ നാളുകളിൽ നമുക്കു ചുറ്റും നശിച്ചുകൊണ്ടിരിക്കുന്ന ചിലരേക്കൂടി നാം ആയിരിക്കുന്ന ഈ ഭാഗ്യ പദവിയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്, അതിനായി നമുക്ക് നമ്മാലാവതു ചെയ്യാം.
ഇന്ന് വിവിധ നിലകളിൽ നമുക്കതു ചെയ്യാൻ കഴിയും എന്നതിൽ സംശയമില്ല, നമ്മുടെ ആയുസ്സിനെ നീട്ടിത്തന്നിരിക്കുന്നതിന്റെ ഒരു കാരണവും ഒരു പക്ഷെ അത് തന്നെയാകാം.
നാം ചിന്തിച്ചത് പോലെ, നമ്മുടെ പഴയ അവസ്ഥയെ, പാപങ്ങളെ, പരാജയങ്ങളെ, നേട്ടങ്ങളെ, അനുഗ്രഹങ്ങളെ, ദുഃഖഅവസ്ഥകളെ മറന്നു, ലക്ഷ്യത്തിലേക്കു സ്ഥിരതയോടെ നമുക്ക് ഓടാം.
മറക്കേണ്ടവയെ മറന്ന്, ഓർക്കേണ്ടവയെ ഓർത്തു, ചെയ്യേണ്ടത് തക്ക സമയത്തു ചെയ്ത് നമുക്ക് ശേഷിപ്പിച്ചിരിക്കുന്ന നാളുകൾ സ്ഥിരതയോടു കൂടിത്തന്നെ മുന്നോട്ട് ഓടാം, ലക്ഷ്യത്തിലെത്താം.
ഒരു വാക്യം കൂടി വായിച്ച ഞാൻ നിർത്താം, പൗലോസ് അപ്പോസ്തലൻ കൊരിന്ത്യയിലുള്ള വിശ്വാസികൾക്ക് എഴുതുമ്പോൾ പറഞ്ഞ ഒരു കാര്യം കൂടി ഇതോടുള്ള ബന്ധത്തിൽ വായിക്കാം.
1 Corinthians 9:24-26
ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ.
Know ye not that they which run in a race run all, but one receiveth the prize? So run, that ye may obtain.
[25] അങ്കം പൊരുന്നവൻ ഒക്കെയും സകലത്തിലും വർജ്ജനം ആചരിക്കുന്നു. അതോ, അവർ വാടുന്ന കിരീടവും നാമോ വാടാത്തതും പ്രാപിക്കേണ്ടതിന്നു തന്നേ.
And every man that striveth for mastery is temperate in all things. Now they do it to obtain a corruptible crown; but we an incorruptible.
[26]ആകയാൽ ഞാൻ ലക്ഷ്യമില്ലാതെയല്ല ഓടുന്നതു; വായുവിൽ കുത്തുന്നതു പോലെയല്ല ഞാൻ മുഷ്ടിയുദ്ധം ചെയ്യുന്നതു.
I therefore so run, not as uncertainly; so fight I, not as one that beateth the air:
അതെ നിരവധിപ്പേർ ഈ ഓട്ടക്കളത്തിൽ ഓടുന്നുണ്ട് എന്നാൽ ഒരാൾ മാത്രമേ വിരുത് പ്രാപിക്കുന്നുള്ളു എന്ന് നിങ്ങൾ അറിയുന്നില്ലയോ എന്ന് ചോദിക്കുകയാണ്, അതുകൊണ്ട് നിങ്ങളും സമ്മാനം പ്രാപിക്കുവാൻ തക്കവണ്ണം ഓടുവീൻ.
ഈ ലോകത്തിലെ ഓട്ടക്കാർക്കു ലഭിക്കുന്നത് വാടിപ്പോകുന്ന കിരീടമാണെങ്കിൽ നമുക്ക് ലഭിക്കുന്നതോ വാടാത്ത ജീവകിരീടം തന്നെ.
താൻ വീണ്ടും പറയുകയാണ്, “ആകയാൽ ഞാൻ ലക്ഷ്യമില്ലാതെയല്ല ഓടുന്നത്, ആ വാടാത്ത കിരീടം പ്രാപിക്കണം എന്ന ലക്ഷ്യത്തോടെയാണ് ഓടുന്നത്.
അതെ, പൗലോസ് അപ്പോസ്തലൻ ഓടി, വിരുത് നേടി.
അതുപോലെ, അത് പ്രാപിപ്പാനായി നമുക്കും നമ്മുടെ ഓട്ടം സ്ഥിരതയോടെ ഓടാം.
ദൈവമായ കർത്താവ് അതിനിനേവർക്കും സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെ എന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു.
ആമീൻ
നമ്മുടെ മലയാളം പാട്ടു പുസ്തകത്തിലെ 929 മത്തെ പാട്ടിന്റെ ചില വരികൾ പാടാം 1,2,3,8,10
Dear Readers, Your Attention Please!
In short, Philipscom will not approve comments that,
Check your domain ranking
