Skip to content

Let Us Pray For Our Fellow Beings – നമുക്കു നമ്മുടെ സമസൃഷ്ടങ്ങൾക്കായി പ്രാർത്ഥിക്കാം

Posted in Religion

Last updated on September 24, 2021

An unedited version of a Sunday Sermon delivered via Zoom by the blogger on 11th July 2021, after the Sunday Service at Christian Brethren Assembly, Picket Secunderabad.

ദൈവ നാമത്തിനു മഹത്വം

ഒരിക്കൽ കൂടി തിരുവചനവുമായി ഇങ്ങനെ നിങ്ങളോടൊപ്പം ആയിരിപ്പാൻ കർത്താവ് സഹായിച്ചതിനായി സ്തോത്രം.

വിശ്വാസികളായ നാം ഏവരും പ്രാർത്ഥിക്കുന്നവരാണ് എന്നതിൽ ഒരു തർക്കവുമില്ല.

ഈ നാളുകളിൽ, നാം കടന്നു പോകുന്ന അവസ്ഥയിൽ എന്നത്തേക്കാളുമുപരി നാം അത് ചെയ്തുകൊണ്ടിരിക്കുന്നു.  ഇക്കാര്യത്തിലും ഒരു സംശയവുമില്ല.

പ്രാർത്ഥനയോടുള്ള ബന്ധത്തിൽ എനിക്കു ലഭിച്ച ചില ചിന്തകൾ പ്രീയപ്പെട്ടവരുമായി പങ്കിടാം എന്നു ആഗ്രഹിക്കുന്നു.

ഒരു പക്ഷേ ഈ വിഷയം അല്പം വിരസത ഉണ്ടാക്കുന്ന ഒന്നാണെന്നെനിക്കറിയാം എന്നാൽ ഇതു നമ്മേ സംബന്ധിച്ചിടത്തോളം വളരെ ഗൗരവതരമായ ഒരു വിഷയം തന്നേ എന്നാണ് എനിക്ക് പറയാനുള്ളത്, അതിൽ ഒരു സംശയവുമില്ല.

നമ്മുടെ ഈ ഭൂമിയിലേ വാസം അല്ലെങ്കിൽ ജീവിതം എന്നത്, പൂർണ്ണമായും നമ്മേ വീണ്ടെടുത്ത കർത്താവിലുള്ള വിശ്വാസത്തോട് കൂടിയ ഒന്നു തന്നേ, അതുകൊണ്ട് ആണല്ലോ അതിനെ “വിശ്വാസ ജീവിതം” എന്നു പറയുന്നത് തന്നേ.

നമ്മുടെ രക്ഷകനായ കർത്താവായ യേശുക്രിസ്തുവിലുള്ള പൂർണ്ണ വിശ്വാസം, അതാണല്ലോ നമ്മേ ഈ മരുയാത്രയിൽ ബലം തന്നു നടത്തുന്നതും.

Let Us Pray For Our Fellow Beings - നമുക്കു നമ്മുടെ സമസൃഷ്ടങ്ങൾക്കായി പ്രാർത്ഥിക്കാം Share on X

നമ്മേ വിളിച്ചവൻ വിശ്വസ്ഥൻ അവൻ നമ്മേ ജീവപര്യന്തം വഴി നടത്തും എന്ന വിശ്വാസമാണല്ലോ നമുക്കുള്ളത്.

അതേ, ഈ രക്ഷകൻ നമുക്കു നൽകിയിരിക്കുന്ന ആ ഉറപ്പ് പാലിക്കുന്നവൻ തന്നേ.

പാപാന്ധകാരത്തിൽ നിന്നും നമ്മേ വേണ്ടെടുത്തു അവന്റെ മക്കളാക്കി തീർത്തു എന്നതു ഒരു സത്യം തന്നേ, നോക്കുക, അതു, അവിടം കൊണ്ടു അവസാനിക്കുന്ന ഒന്നല്ല, മറിച്ചു നമ്മേ വീണ്ടെടുത്തവനോട് നമ്മുടെ ജീവിതാവസാനം വരെ കൂറു പുലർത്തി ജീവിതം തുടരുക എന്നതാണ് അവൻ നമ്മിൽ നിന്നാഗ്രഹിക്കുന്നത്.

ഇതെങ്ങനെ സാധിക്കും, തീർച്ചയായും അവനുമായുള്ള സമ്പർക്കത്തിലൂടെ മാത്രം അതു സാധിക്കുകയുള്ളു, അവനുമായുള്ള സമ്പർക്കമത്രേ നമ്മുടെ പ്രാർത്ഥന.

ഇതിന് നമ്മുടെ ഓരോ​രുത്തരുടെയും ജീവിതത്തിൽ വലിയൊരു കുറവ് സംഭവിച്ചു എന്നു പറഞ്ഞാൽ അതിൽ തെറ്റില്ലായെന്നാണ് എനിക്കു തോന്നുന്നത്.

അതേ, നാം നമ്മുടെ പ്രാർത്ഥനയിൽ കുറവ് വരുത്തി, അതല്ലേ ദൈവം ഇത്തരം ഒരു അവസ്ഥയിലേക്ക് നമ്മേ ആക്കിയത് എന്നു ചിന്തിച്ചാൽ അതിൽ തെറ്റില്ലായെന്നു പറഞ്ഞു എന്നോട് യോജിക്കുന്നവരായിരിക്കും എന്നെ ശ്രവിക്കുന്ന എല്ലാവരും.

അതെ, നമ്മുടെ സൃഷ്ടാവിനോട് അധികമധികം പ്രാർത്ഥിപ്പാൻ തന്നെയല്ലേ അവൻ നമ്മെ ഇത്തരം ഒരു അവസ്ഥയിലൂടെ കടത്തിവിട്ടതെന്ന് ചിന്തിച്ചാൽ അതും സത്യം തന്നെ.

മാറിയ ഈ ചുറ്റുപാടിൽ നാം ഓരോരുത്തരും വ്യക്തിപരമായും, കുടുംബമായും, സഭയായും, ദൈവത്തോട് കൂടുതൽ അടുക്കുവാനും അവനോടു അപേക്ഷിക്കുവാനും സമയം കണ്ടെത്തുന്നു.

ഈ നാളുകളിൽ നാം അത്‌ അധികമായി ചെയ്തുകൊണ്ടിരിക്കുന്നു.
.
സത്യത്തിൽ ഇതൊരു നല്ല അവസരമായി ഞാൻ കരുതുകയാണ്. എങ്കിൽ തന്നെയും ഇനിയും അത് വേണ്ടുംവണ്ണം ചെയ്യുവാൻ കഴിയുന്നുണ്ടോ എന്നതിൽ എന്നോടുള്ള ബന്ധത്തിൽ, എനിക്കിന്നും സംശയം തന്നെ!

പ്രാർത്ഥനയിൽ എത്രമാത്രം സമയം ചിലവഴിക്കുന്നു എന്നത് നാം സ്വയം വിലയിരുത്തേണ്ടതുണ്ട്.

പ്രാര്ഥനയോടുള്ള ബന്ധത്തിൽ നിരവധി പ്രസംഗങ്ങൾ കേൾക്കുകയും, ലേഖനങ്ങളും, പുസ്തകങ്ങളും വായിക്കുകയും മറ്റും മാർഗ്ഗങ്ങളിലൂടെയും പ്രാർത്ഥനയെപ്പറ്റി മനസ്സിലാക്കുകയും ചെയ്തിട്ടുള്ളവരാണ് നമ്മിൽ ഒരു നല്ല പങ്കും.

എന്നിരുന്നാലും പലപ്പോഴും പ്രാർത്ഥനയിൽ ജാഗരിപ്പാൻ വിമുഖത കാട്ടുന്നവരല്ലേ നാം.

പലപ്പോഴും നമുക്കു വേണ്ടിയും അതിലുപരി സമസൃഷ്ടങ്ങൾക്കു വേണ്ടിയും പ്രാർത്ഥിപ്പാൻ മറന്നു പോകുന്നവർ തന്നെ നാം എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഇല്ല.

ദൈവ സംബന്ധമായ വിഷയങ്ങളിൽ നമുക്ക്‌ മറവി സംഭവിക്കുക എന്നത് പലപ്പോഴും നമുക്ക് സംഭവിക്കുന്ന ഒന്ന് തന്നെ.
അതു തന്നെയായിരിക്കണം പത്രോസ് അപ്പോസ്തലൻ തൻ്റെ രണ്ടാം ലേഖനത്തിൽ ഇപ്രകാരം പറയാൻ ഇടയായതും എന്ന് ഞാൻ കരുതുന്നു.

2 പത്രോസ് 1: 12 -14 വരെയുള്ള വാക്യങ്ങളിൽ നാം ഇപ്രകാരം വായിക്കുന്നു രണ്ടു പത്രോസ് ഒന്നാം ആദ്ധ്യായം പന്ത്രണ്ടു മുതൽ പതുനാലു വരെയുള്ള വാക്യങ്ങൾ

2 Peter 1:12-14   [12]അതുകൊണ്ടു നിങ്ങൾ അറിഞ്ഞവരും ലഭിച്ച സത്യത്തിൽ ഉറെച്ചു നില്ക്കുന്നവരും എന്നു വരികിലും ഇതു നിങ്ങളെ എപ്പോഴും ഓർപ്പിപ്പാൻ ഞാൻ ഒരുങ്ങിയിരിക്കും.
[13]നമ്മുടെ കർത്താവായ യേശുക്രിസ്തു എനിക്കു അറിവു തന്നതുപോലെ എന്റെ കൂടാരം പൊളിഞ്ഞുപോകുവാൻ അടുത്തിരിക്കുന്നു എന്നു അറിഞ്ഞിരിക്കയാൽ
[14]ഞാൻ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം നിങ്ങളെ ഓർപ്പിച്ചുണർത്തുക യുക്തം എന്നു വിചാരിക്കുന്നു.

അപ്പോസ്തലൻ ഇതാരോടാണ് പറയുന്നത് അല്ലെങ്കിൽ ഇത് ആർക്കാണ് എഴുതുന്നത്?

അതിനുത്തരം ഒന്നാം വാക്യത്തിൻറെ അവസാന ഭാഗത്തിൽ നാം വായിക്കുന്നു. 2 പത്രോസ് 1: 1
” … നമ്മുടെ ദൈവത്തിന്റെയും രക്ഷിതാവായ യേശുക്രിസ്തുവിന്റെയും നീതിയാൽ ഞങ്ങൾക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം ലഭിച്ചവർക്കു എഴുതുന്നതു:
എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ഈ അദ്ധ്യായത്തിൽ പിടിച്ചുകൊള്ളേണ്ടതും, കൂട്ടിക്കൊള്ളേണ്ടതും, വര്ധിച്ചുവരേണ്ടതുമായ ചില കാര്യങ്ങൾ രേഖപ്പെടുത്തിയ ശേഷം പറഞ്ഞതാണീ വാക്കുകൾ. (ആ ഭാഗം നിങ്ങൾക്കു സമയം കിട്ടുമ്പോൾ വായിക്കുക) ഈ കാര്യങ്ങൾ നിങ്ങളെ എപ്പോഴും ഓർപ്പിപ്പാൻ ഞാൻ ഒരുങ്ങിയിരിക്കും.

വിലയറിയ വിശ്വാസം ലഭിച്ചവർക്കാണിതെഴുതുന്നതെന്നോർക്കുക. തീർച്ചയായും നാമും ആ കൂട്ടത്തിൽ ഉള്ളവർ തന്നേ.

താൻ ഇങ്ങനെ പിന്നെയും ഓർപ്പിക്കാൻ ഒരു കാരണമുണ്ട, പ്രാർത്ഥന, നമ്മുടെ ശത്രുവായ സാത്താന് ഒട്ടും പിടിക്കുന്ന കാര്യമല്ല, അവനറിയാം അവനെതിരെ പ്രയോഗിക്കുന്ന ഏറ്റവും നല്ല ആയുധമത്രേ അതെന്നു.

അതിനാൽ തന്നെ പ്രാർത്ഥനയിൽ നിന്നും നമ്മെ പിന്തിരിപ്പിക്കാൻ അവനാൽ കഴിവതും അവൻ ശ്രമിക്കും, അതിൽ വിജയിക്കാനായി സാധ്യാമയതെല്ലാം അവൻ ചെയ്യും എന്നതിൽ സംശയമില്ല.

ഇത് മനസ്സിലാക്കി നാം ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ട്.
തീർച്ചയായും ഇതു തന്നെ ആയിരിക്കണം അപ്പോസ്ഥലനെ അങ്ങനെ എഴുതുവാൻ പ്രേരിപ്പിച്ചത്.

നമ്മുടെ ജീവിതത്തിൽ എന്തിനും ഏതിനും നാം മാതൃകയാക്കേണ്ടത് നമ്മുടെ കർത്താവിനെ തന്നെയെന്നതിൽ രണ്ടു പക്ഷം ഇല്ലല്ലോ!

പ്രാർത്ഥനയോടുള്ള ബന്ധത്തിലും നാം നമ്മുടെ കർത്താവിൻറെ മാതൃക തന്നേ പിൻപറ്റേണ്ടതുണ്ട്.

തന്റെ ചുരുങ്ങിയ കാലത്തെ ഈ ലോക ജീവിതത്തിൽ പ്രാർത്ഥനക്കു പ്രഥമ സ്ഥാനം താൻ നല്കിയിരുന്നുയെന്നു തിരുവചനത്തിലൂടെ നാം മനസ്സിലാക്കുന്നു.

1. പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പീൻ എന്ന് പത്രോസിനോടും മറ്റു ശിഷ്യന്മാരോട് പറയുന്നത് മത്തായി 26: 41 ൽ നാം വായിക്കുന്നു

2. ഭക്ഷണത്തേക്കാൾ പ്രാധാന്യം താൻ പ്രാർത്ഥനക്കു നൽകിയതായി മത്തായി നാല് രണ്ടിൽ വായിക്കുന്നു Mathew 4:2

3. ഉറക്കത്തേക്കാൾ പ്രാധാന്യം താൻ പ്രാർത്ഥനക്കു നൽകിയതായി luke 6: 12 ൽ വായിക്കുന്നു. രാത്രി മുഴുവനും പ്രാർത്ഥനയിൽ ജാഗരിക്കുന്ന കർത്താവിനെ നാം കാണുന്നു അതിനു ശേഷമുള്ള പ്രഭാതത്തിലത്രേ താൻ തൻ്റെ 12 ശിഷ്യന്മാരെ തിരഞ്ഞെടുത്തത്. 13, 14 വാക്യങ്ങളിൽ നാമത് വായിക്കുന്നു.

4. ശുശ്രൂഷയേക്കാൾ പ്രാധാന്യം താൻ പ്രാർത്ഥനക്കു നൽകിയതായി ലൂക്കോസ് 5: 15, 16 വാക്യങ്ങളിൽ വായിക്കുന്നു.

5: തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പേ താൻ പ്രാർത്ഥിക്കുന്നതായി നാം കാണുന്നു ലൂക്കോസ് 6: 12 – 15 ശിഷ്യന്മാരെ തിരഞ്ഞെടുത്ത ദിവസം. രാത്രി മുഴുവനും പ്രാർത്ഥനയിൽ ജാഗരിച്ച ശേഷമത്രേ താൻ ആ പ്രവർത്തി ചെയ്തത്.

ചുരുക്കത്തിൽ നമ്മുടെ കർത്താവിൻറെ ഈ ലോക ജീവിതം തന്നെ പ്രാർത്ഥനയിൽ അധിഷ്ഠിതമായ ഒന്നായിരുന്നു എന്ന് തിരുവചനം നമ്മെ വ്യക്തമായി പഠിപ്പിക്കുന്നു.

അതേ, കർത്താവ് തൻ്റെ പിതാവുമായി നിരന്തര സമ്പർക്കത്തിലായിരുന്നു എന്ന് ഇതിൽനിന്നും നമുക്കു മനസ്സിലാക്കുവാൻ കഴിയുന്നു.

നാം എന്തിനാണ് പ്രാർത്ഥിക്കുന്നത്?

മറ്റൊരുവിധത്തിൽ പറഞ്ഞാൽ നമ്മുടെ പ്രാർത്ഥനയുടെ ഉദ്ധേശം എന്താണ്?

ഇപ്രകാരം ഒരു ദൃഷ്ടാന്തം വായിക്കുവാനിടയായി, “ഒരിക്കൽ ഒരു കുട്ടിയോടെ നീ എന്തിനാണ് പ്രാർത്ഥിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞ ഉത്തരം ഇങ്ങനെയായിരുന്നു, “എനിക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അത് കിട്ടുവാൻ മറ്റു യാതൊരു മാർഗ്ഗവും കാണാത്തപ്പോൾ ഞാൻ പ്രാർത്ഥിക്കും.

എത്ര സത്യസന്ധവും, നിഷ്കളങ്കവുമായ ഒരു ഉത്തരം!

പലപ്പോഴും നമ്മുടെ പ്രാർത്ഥനയും ഈ കുട്ടിയുടേത് പോലെ ആകാറല്ലേ പതിവ്?

തീർച്ചയായും അങ്ങനെ ആകാൻ പാടില്ല തന്നെ!

ഒരു വിശ്വാസിയുടെ പ്രാർത്ഥന ഒരിക്കലും അങ്ങനെയാകാൻ പാടില്ല.

സുവിശേഷകനും, ഗാനരചയിതാവുമായ സഹോദരൻ ചാൾസ് ജോണിൻറെ അടുത്തിടെ കേട്ട ഒരു സാക്ഷ്യത്തിൽ, “നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങൾ പോലും താൻ ദൈവ സന്നിധിയിൽ പ്രാർത്ഥിച്ചു ചോദിച്ചു വാങ്ങുന്ന ഒരു ജീവിതമായിരുന്നു തൻ്റെത് എന്ന് പറയുകയുണ്ടായി. അനുകരണീയമായ ഒരു മാതൃക.

എന്നാൽ, ആ കുട്ടി പറഞ്ഞതുപോലെ, പലപ്പോഴും സാധാരണ ഗതിയിൽ നമ്മുടെ ആവശ്യങ്ങൾ കിട്ടാതെ വരുന്ന ഒരു അവസ്ഥ വരുമ്പോഴല്ലേ നമ്മിൽ പലരും യാചനയുമായി അവൻ്റെ അടുത്തേക്ക് പോവുക!

നമ്മെ വിളിച്ചു വേർതിരിച്ചു അവന്റെ മക്കളാക്കി തീർത്ത പിതാവിനോടുള്ള നിരന്തര ഇടപെടൽ ആയിരിക്കണം നമ്മുടെ പ്രാർത്ഥന, അതേ അവനുമായുള്ള ഒരു intimate കോൺവെർസേഷൻ അതത്രേ നമ്മുടെ പ്രാർത്ഥന, ഇതിനു പലപ്പോഴും നമുക്ക് കഴിയുന്നില്ലയെങ്കിലും നാം അതിനു ശ്രമിക്കേണ്ടിയിരിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമത്രെ.

നേരത്തെ സൂചിപ്പിച്ചതുപോലെ, ഈ നാളുകളിൽ, മാറിയ ചുറ്റുപാടിൽ, എന്നത്തേക്കാളുമധികം നാം ഓരോരുത്തരും പ്രാർത്ഥനയിൽ ചിലവഴിക്കുന്നു എന്നതും ഒരു സത്യം തന്നെ!

ഏതു തരത്തിലുള്ള പ്രാർത്ഥനക്കാണ് ഉത്തരം ലഭിക്കുക, സദൃശ്യ വാക്യം 15:8 (proverb 15:8) ദുഷ്ടന്മാരുടെ യാഗം യെഹോവക്ക് വെറുപ്പ്, നേരുള്ളവരുടെ പ്രാർത്ഥനയോ അവനു പ്രസാദം.

വീണ്ടും അതെ അധ്യായത്തിൽ 29ആം വാക്യത്തിൽ ഇങ്ങനെ വായിക്കുന്നു: “യഹോവ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു, നീതിമാന്മാരുടെ പ്രാർത്ഥനയോ അവൻ കേൾക്കുന്നു.

യാക്കോബിന്റെ ലേഖനം 5 :16 ഇതോടു ചേർത്തു വായിക്കുക. നീതിമാൻറെ ശ്രദ്ധയോടുകൂടി പ്രാർത്ഥന വളരെ ഫലിക്കുന്നു

നമ്മെ ദൈവം ഈ ഭൂമിയിൽ ആക്കിവെച്ചിരിക്കുന്നതിൻറെ മുഖ്യ ഉദ്ദേശ്യമെന്നത് അവനെ പ്രസാദിപ്പിക്കുക, അഥവാ അവനെ സന്തോഷിപ്പിക്കുന്ന തരം പ്രവർത്തികളിലും ചിന്തകളിലും നാം ആയിരിക്കുക എന്നതാണെന്നതിൽ ഒരു സംശയവുമില്ല.

ഉൽപ്പത്തി ഒന്നാം അധ്യായത്തിലെ സൃഷ്ടിയുടെ ചരിത്രം നാം പരിശോധിച്ചാൽ നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നത്, സകലതും അവൻ്റെ വാക്കിനാൽ നിർമ്മിതമായി എന്ന് കാണുന്നു, എന്നാൽ മനുഷ്യൻറെ സൃഷ്ടിയിൽ തൻ്റെ സ്വരൂപത്തിൽ നിലത്തെ പൊടികൊണ്ടു മനുഷ്യനെ സൃഷ്ടിച്ചു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി എന്ന് നാം ഉൽപ്പത്തി 2 ൻറെ ഏഴാം വാക്യത്തിൽ വായിക്കുന്നു.

മനുഷ്യ സൃഷ്ടിയിൽ അവൻ എത്ര പ്രാധാന്യം നൽകി എന്ന് നമുക്ക് കാണുവാൻ കഴിയും, അതെ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ടമായി അവൻ മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യനെ സൃഷ്ടിക്കുന്നതിനായി ദൈവം തന്റെ ശ്വാസം ഊതി എന്നത്രേ നാം വായിക്കുന്നത്.

യെഹോവയായ ദൈവം രണ്ടു കാര്യങ്ങളുടെ സൃഷ്ടിയിൽ മാത്രം തൻ്റെ ശ്വാസം ഉപയോഗിച്ചതായി കാണുന്നുള്ളൂ. ഒന്ന് മനുഷ്യ സൃഷ്ടിയിലും മറ്റൊന്ന് ദൈവ വചന രൂപീകരണത്തിലും, മറ്റെല്ലാം തന്റെ വാക്കിനാൽ ഉരുവായി എന്നത്രെ നാം വചനത്തിൽ നിന്നും മനസ്സിലാക്കുന്നത്.

സുപ്രധാനമായ രണ്ടു സൃഷ്ടികൾ
ഒന്ന് മനുഷ്യൻ
മറ്റൊന്ന് തിരുവചനം.

തിരുവചനം മനുഷ്യരാൽ എഴുതപ്പെട്ടുയെങ്കിലും , അവയെല്ലാം തന്നെ ദൈവശ്വാസീയം ആണ്ന്നാണ് തിരുവചനം വെളിവാക്കുന്നത്.

അതേ, തിരുവചനം ദൈവശ്വാസീയം തന്നെ God breathed. (2 തിമോത്തിയോസ് 3:16)

ഇവിടെ നാം മനസ്സിലാക്കേണ്ടത് നമ്മെ അവൻ ശ്രേഷ്ടമായിത്തന്നെ സൃഷ്ടിച്ചു, ഇത് നാം ഗൗരവമായി എടുക്കേണ്ട ഒന്നത്രേ, നാം വെറും നിസ്സാരന്മാരല്ല മറിച്ചു ശ്രേഷ്ടമേറിയവർ തന്നെ. അതെ സൃഷ്ടിയിൽ ഏറ്റവും ശ്രേഷ്ഠമേറിയതത്രേ നാം.

ഈ വലിയ സത്യം നാം പലപ്പോഴും മറന്നു പോകുന്നു എന്നതാണ് സത്യം.

നമ്മെ അവന്റെ രൂപത്തിൽ സൃഷ്ടിച്ചതിനു മറ്റൊരു ഉദ്ദേശ്യം കൂടിയുണ്ട്, അവനുമായി നിരന്തര സമ്പർക്കത്തിൽ നാം ആയിരിക്കേണം എന്നതത്രേ അത്. തൻ്റെ സൃഷ്ടിയിൽ മറ്റൊന്നിൽ നിന്നും ദൈവം ഇതാഗ്രഹിച്ചില്ല, പകരം നമ്മിൽ നിന്ന് അവനതു ആഗ്രഹിക്കുന്നു.

നാം, ഇവിടെ ദൈവത്തോടും അവന്റെ ഉദ്ദേശ്യത്തോടും നീതി പുലർത്തുന്നുണ്ടോ എന്ന് വളരെ ഗൗരവമായി പരിശോധിക്കേണ്ടിയിരിക്കുന്നു.

ദൈവം നമ്മുടെ സമ്പർക്കം, സാമീപ്യം അത്യധികം കാംഷിക്കുന്നു, ഏദനിൽ തന്നെ അത് മനുഷ്യൻ നഷ്ടമാക്കി എന്നാൽ കരുണാസമ്പന്നനായ ദൈവം തൻ്റെ ഏകജാതനെ തന്നെ നമുക്കായി നൽകി നമ്മെ വീണ്ടെടുത്ത് ആ ബന്ധം വീണ്ടും പുതുക്കി,

നാമിന്നു അവനോട് നിരന്തര സമ്പർക്കത്തിൽ ആയിരിക്കാൻ അവൻ ആഗ്രഹിക്കുന്നു അത് നമ്മോടുള്ള ബന്ധത്തിൽ എങ്ങനെയായിരിക്കുന്നു എന്ന് വീണ്ടും ചിന്തിക്കാം.

ഇക്കാര്യത്തിൽ നാം പുറം തിരിഞ്ഞു നിൽക്കുന്നവരോ നമുക്ക് നമ്മെ തന്നെ ഒന്ന് സ്വയം വിലയിരുത്താം.

ഒരു പക്ഷെ പല കാരണങ്ങളാൽ ആ കണ്ണി വിട്ടുപോയെങ്കിൽ അത് നമുക്ക് വീണ്ടും യോജിപ്പിക്കാം അവനോടു കൂടുതൽ അടുത്ത് ജീവിക്കാം അതൊന്നു മാത്രമത്രേ നമ്മുടെ സൃഷ്ടാവ് നമ്മിൽ നിന്നാഗ്രഹിക്കുന്നതും.

തിരുവചന ധ്യാനം: അതായത്, നമ്മുടെ തിരുവചന ധ്യാനത്തിലൂടെ അല്ലെങ്കിൽ, പഠനത്തിലൂടെയാണ് ദൈവം നമ്മോടു ഇന്ന് സംസാരിക്കുന്നത്!

പ്രാർത്ഥന: പ്രാർത്ഥനയിലൂടെ നാം അവനോടു സംസാരിക്കുന്നു.

ഇക്കാര്യങ്ങളിൽ നാം എത്ര പ്രാധാന്യം നൽകുന്നു, ഇത് ഞാൻ പറയുമ്പോൾ, എന്നേക്കൂടി ഉൾപ്പെടുത്തിയാണ് പറയുന്നത്.

ഇക്കാര്യത്തിൽ പല വീഴ്ചകൾ ഉള്ളയാളാണ് ഞാൻ. ഒരു പക്ഷെ എന്നെ കേൾക്കുന്ന നിങ്ങളേക്കാൾ അധികം പിന്നിൽതന്നെ, ഞാൻ എന്ന് സമ്മതിക്കുന്നു.

നമുക്ക് പ്രാർത്ഥനയിലൂടെ, തിരുവചന ധ്യാനത്തിലൂടെ അവനോടു കൂടുതൽ അടുക്കാം, അതിലൂടെ നമുക്കവനെ പ്രസാദിപ്പിക്കാം.
അതെ, ദൈവം ഇന്ന് നമ്മോട് തിരുവചനത്തിലൂടെ സംസാരിക്കുന്നു, അത് ശ്രവിപ്പാൻ നാം എത്രമാത്രം മുതിരാറുണ്ട്?

അതുപോലെ പ്രാർത്ഥനയിലൂടെ നാം അവനോടു സംഭാഷണം നടത്തുന്നത്തിന് എത്രമാത്രം സമയം മാറ്റിവെക്കുന്നു.

പ്രാർത്ഥനക്കു, കർത്താവ് താൻ തന്നെ പ്രാധാന്യം നൽകിയതായി നാം ചിന്തിക്കയുണ്ടായല്ലോ നമ്മോടുള്ള ബന്ധത്തിൽ അത് എങ്ങനെയിരിക്കുന്നുയെന്ന് നമുക്ക് ചിന്തിക്കാം.

ഒരു ഭക്തൻ ഇപ്രകാരം പറഞ്ഞു, “ലോകത്തെ ഭരിക്കുന്ന കരങ്ങളെ ചലിപ്പിക്കാൻ പ്രാർത്ഥനക്കു കഴിയും”

ഒരു ആറ്റംബോംബിനെ വെല്ലുന്ന ശക്തി അതിനുണ്ട് എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല.

ഇത്ര ശക്തിയേറിയ ഒരു ആയുധമത്രേ ദൈവം നമുക്ക് നൽകിയിരിക്കുന്നത്, പക്ഷെ ദുഃഖമെന്നു പറയട്ടെ നമ്മിൽ പലരും അത് ഷോകേസിൽ സൂക്ഷിച്ചിരിക്കുകയാണ് എന്ന് തോന്നുന്നു.

അവിടെയിരുന്നു തുരുമ്പ് പിടിക്കുന്ന അവസ്ഥയിലേക്ക് നമുക്കതിനെ മാറ്റാതിരിക്കാം, ആ വജ്ജ്രായുധം നമുക്ക് വേണ്ടുംവണ്ണം എടുത്തുപയോഗിക്കാം.

അതുപയോഗിക്കുവാൻ നാം മടി കാട്ടുന്നുവെങ്കിൽ അത് നമുക്ക് തന്ന ദാതാവിനെ നാം അവഹേളിക്കുന്നതിനു തുല്യമല്ലെ!

അത് നാം അവസരങ്ങൾ വരുമ്പോൾ, അല്ലെങ്കിൽ എമർജൻസി വരുമ്പോൾ, നമ്മുടെ ആവശ്യങ്ങൾ മറ്റൊരു മാർഗ്ഗത്തിലൂടെയും ലഭിക്കാതെ വരുമ്പോൾ ഉപയോഗിക്കുന്ന ഒരു weapon മാത്രമായാണോയിരിക്കുന്നതു?

ആ ചെറിയ കുട്ടി പറഞ്ഞത് പോലെയോ നമ്മുടെ പ്രാർത്ഥന? നമുക്കൊന്നുറക്കെ ചിന്തിക്കാം.

ഇത്ര വലിയ ഉപഹാരം, അല്ലെങ്കിൽ ഗിഫ്റ്റ്,മറ്റൊരു വിധത്തിൽ പറഞ്ഞാൽ വരം തന്ന ദാതാവിനെ നമുക്ക് അപമാനിക്കാതിരിക്കാം!

പ്രാർത്ഥന ദൈവം നമുക്ക് നൽകിയിരിക്കുന്ന ഒരു വരം തന്നെ. അത് നൽകിയ ദൈവത്തെ നമുക്ക് ദുഃഖിപ്പിക്കാതിരിക്കാം!

പ്രാർത്ഥനയോടുള്ള ബന്ധത്തിൽ നിരവധി ആഹ്വാനങ്ങൾ തിരുവചനത്തിൽ ഉടനീളം കാണാം

ഇടവിടാതെ പ്രാർത്ഥിപ്പിൻ! മടുത്തുപോകാതെ പ്രാർത്ഥിപ്പിൻ! തുടങ്ങിയ നിരവധി ആഹ്വാനങ്ങൾ.

എന്നാൽ ഇതിനൊരു മറുവശം കൂടിയുണ്ടെന്നുള്ള വസ്തുത നാം മറന്നു പോകരുത്!

ആരംഭത്തിൽ ഞാൻ സൂചിപ്പിച്ചതു പോലെ നമ്മുടെ പ്രാർത്ഥന ജീവിതത്തെ തരിപ്പണമാക്കാൻ സകല തന്ത്രങ്ങളുമായി ശക്തിയോടെ നിൽക്കുന്ന ഒരുവനുണ്ട്, അവൻ, അത്ര നിസ്സാരക്കാരനല്ല എന്ന് നാം ഓർത്തിരിക്കേണ്ടതുണ്ട്.

ഒരു വിശ്വാസിയെ പ്രാർത്ഥനയിൽ നിന്നകറ്റാൻ അവൻ എല്ലാം ചെയ്യും, എന്നാൽ നമുക്ക് അവൻ്റെ തന്ത്രങ്ങളിൽ കുടുങ്ങിപ്പോകാതിരിക്കാം.

നമ്മുടെയും പ്രാർത്ഥനാ ജീവിതത്തിൽ അവൻ ഒരു എതിർ ശക്തിയായി തന്നെ നിൽക്കുന്നു എന്നത് നാം ഒരിക്കലും വിസ്‌മരിക്കരുത്.

അലറുന്ന സിംഹം പോലെ നമ്മെ വലയിൽ വീഴ്ത്തുവാൻ അവൻ തക്കം പാർത്തു ഊടാടി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്, അതെ അവൻ തക്കം പാർത്തിരിക്കുകയാണ്, നമ്മെ അവൻ്റെ വലയിൽ വീഴ്ത്തുവാൻ.

നമ്മുടെ കർത്താവിനെപ്പോലും വീഴ്ത്തുവാൻ ഇവൻ വളരെ ശ്രമിച്ചതാണ്, അപ്പോൾ പിന്നെ നമ്മുടെ കാര്യം പറയണോ!
നമ്മുടെ കർത്താവിൻറെ വചന നിശ്ചയവും, അതിലെ പരിഞ്ജാനവും സാത്താനെ മുട്ടുകുത്തിച്ചു.

മത്തായി നാലു, നാല് ഏഴു പത്തു തുടങ്ങിയ വാക്യങ്ങളിൽ നാം അത് വായിക്കുന്നു. (Mathews 4:4 ; 7:10)

എന്താണീ വിപരീത ശക്തി?

1 യോഹന്നാൻ 2: 1 ; എബ്രായ ലേഖനം 7: 25 തുടങ്ങിയ ഭാഗങ്ങളിൽ നമുക്കു വേണ്ടി പക്ഷപാതം ചെയ്യുന്ന ഒരു കാര്യസ്ഥനെപ്പറ്റി വായിക്കുന്നു.

സദാ പക്ഷപാതം ചെയ്‌വാൻ സന്നദ്ധനായി നിൽക്കുന്നു, എന്നാൽ സാത്താനും അവിടെ നിൽക്കുന്നു എന്ന കാര്യം നാം ഓർക്കേണ്ടതുണ്ട്.

ഇയ്യോബിൻറെ ചരിത്രം പരിശോധിച്ചാൽ ഇതു നമുക്കു കുറേക്കൂടി വ്യക്തമാകും. ഇയ്യോബ് 1:6, 9, 10 വാക്യങ്ങൾ ശ്രദ്ധിക്കുക.

സെഖര്യാ പ്രവചനത്തിലും സമാനമായ ഒരു സംഭവം നമുക്ക് കാണുവാൻ കഴിയുന്നു. സഖ് 3:1 മഹാപുരോഹിതനായ യോശുവയെ കുറ്റം ചുമത്താൻ ദൈവദൂതൻറെ വലത്തുഭാഗത്തു നിൽക്കുന്ന സാത്താൻ.

ശ്രദ്ധിക്കുക, ദൈവമക്കളെ പഴിചാരാൻ, അല്ലെങ്കിൽ, നമ്മുടെ കുറവുകൾ, കുറ്റങ്ങൾ കണ്ടുപിടിക്കാൻ, ദൈവമുമ്പാകെയും അവൻ പ്രത്യക്ഷപ്പെടുന്നു.

എന്നാൽ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നവൻ അവനിലും വലിയവനത്രെ!

അവൻ തീർച്ചയായും നമുക്കു വേണ്ടി വാദിക്കും, പക്ഷെ എബ്രായ ലേഖനത്തിൽ പറഞ്ഞതുപോലെ, നാം ദൈവത്തോട് അടുക്കേണ്ടതുണ്ട് എങ്കിൽ മാത്രമേ അവൻ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുകയുള്ളൂ, ശ്രദ്ധിക്കുക ഈ വാക്കുകൾ “ദൈവത്തോട് അടുക്കുന്നവർക്കുവേണ്ടി” സാദാ പക്ഷവാദം ചെയ്യുന്നവൻ!

ആർക്കുവേണ്ടിയാണ് അവൻ പക്ഷവാദം ചെയ്യുന്നത് “ദൈവത്തോട് അടുക്കുന്നവർക്കുവേണ്ടി” നമുക്ക് ദൈവത്തോട് കൂടുതൽ അടുക്കാം , നമ്മുടെയും സമസൃഷ്ടങ്ങളുടെയും ആവശ്യങ്ങൾ അവനോടറിയിക്കാം. എങ്കിൽ മാത്രമേ അവൻ നമ്മുടെ പ്രാർത്ഥന ശ്രവിക്കയുള്ളൂ.

നമുക്കു വേണ്ടി അവൻ പക്ഷവാദം ചെയ്യണമെങ്കിൽ നാം ദൈവത്തോട് അടുക്കേണ്ടതുണ്ട്, അവൻ വെച്ചിരിക്കുന്ന നിബന്ധനകൾ പാലിക്കേണ്ടതുണ്ട്!

എങ്കിൽ മാത്രമേ അവനതു നമുക്കുവേണ്ടി ചെയ്യുവാൻ കഴിയൂ.

നമുക്ക് ഇങ്ങനെയൊന്നു ചിന്തിക്കാം,

സാത്താൻ ഇപ്രകാരം ദൈവത്തോട് പറയുന്നു എന്ന് വിചാരിക്കുക!

“OK, ദൈവമേ, ഞാൻ എന്തായാലും ഒരു കള്ളനും ചതിയനും, ദുഷ്ടനും, ഭോഷ്‌കിന്റെ പിതാവു തുടങ്ങി നിരവധി നല്ല പേരുകൾ നിങ്ങൾ എനിക്ക് നൽകിയിട്ടുണ്ട്, ശരിയാണ്, ഞാൻ അതെല്ലാമാണ് സമ്മതിക്കുന്നു. ഈ പദവികൾ എല്ലാം എനിക്ക് പണ്ടേ കിട്ടിയതാണല്ലോ, ഇനിയത് മാറ്റിയെടുക്കാനും കഴിയില്ലല്ലോ!

പക്ഷെ ഒന്ന് നിന്നെ! താഴേക്കു ഒന്ന് ശ്രദ്ധിച്ചു നോക്കിക്കേ, നിൻറെ പ്രീയപ്പെട്ട പുത്രീ പുത്രന്മാർ എന്ന് പറയുന്നവരുടെ നടപ്പും , ഒത്തുചേരലും, സംസാരവും പ്രവർത്തികളും ഒന്ന് ശ്രദ്ധിച്ചേ! എങ്ങനെയുണ്ട്!

അവർ ഒത്തു ചേരുമ്പോൾ, കൂട്ട് സഹോദരൻ, അയൽക്കാർ, സഹപ്രവർത്തകർ തുടങ്ങിയവരെപ്പറ്റിയുള്ള കുറവുകളും കുറ്റങ്ങളും അല്ലെ അവർ പങ്കു വെക്കുന്നത്?

ഇപ്പോൾ എങ്ങനെയുണ്ട്, എല്ലാറ്റിനും നീ എന്നെ കുറ്റം പറയുന്നു, നിൻറെ മക്കൾ എന്ന് പറയുന്നവർ എന്താണ് ചെയ്യുന്നത്? ഇതിൽ ഞാനോ ഭേദം അവരോ ഭേദം?

ഇങ്ങനെ സാത്താൻ ദൈവത്തോട് ചോദിച്ചാൽ തീർച്ചയായും ദൈവത്തിനു ഉത്തരം മുട്ടും എന്നതിൽ സംശയം ഇല്ല!
എത്ര ദുഖകരമായ ഒരു അവസ്ഥയായിരിക്കുമത്.

പ്രീയപ്പെട്ടവരെ നമ്മെപ്പറ്റി ഇപ്രകാരം പറയാൻ സാത്താന് നമുക്ക് ഇടം കൊടുക്കാതിരിക്കാം.

ദൈവത്തോട് നമുക്ക് അടുത്തു ജീവിക്കാം എങ്കിൽ മാത്രമേ അവൻ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുവാൻ കഴിയൂ.
എങ്കിൽ മാത്രമേ നമ്മുടെ പ്രാർത്ഥനക്കു അവൻ ചെവി തരികയുള്ളു.

ദിനം തോറും ദൈവത്തോട് അടുത്ത് ജീവിക്കുന്നുവെങ്കിൽ മാത്രമേ സാത്താൻ ദൈവത്തിനു കാട്ടിക്കൊടുത്തവരുടെ പട്ടികയിൽ നാം ഉൾപ്പെടാതിരിക്കു, എങ്കിൽ മാത്രമേ സമസൃഷ്ടങ്ങളെക്കുറിച്ചു നല്ലതു പറവാനും, ചിന്തിക്കുവാനും കഴിയുകയുള്ളു.

ഒരു സംശയവും വേണ്ട, ദൈവം നമ്മുടെ ഓരോ വാക്കും, പ്രവർത്തിയും, ചിന്തയും ശ്രദ്ധിക്കുന്നു, ഒപ്പം സാത്താനും അത് വീക്ഷിക്കുന്നു എന്ന കാര്യം നാം മറക്കരുത്!

ഒരു വിശ്വാസിയുടെ പ്രാർത്ഥനക്കു മുമ്പിൽ സാത്താൻ വിറക്കും എന്ന് വില്യം കൂപ്പർ എന്ന ദൈവഭക്തൻ ഒരു ഗാനത്തിലൂടെ പറഞ്ഞിട്ടുണ്ട്.

അതേ, അതെത്ര വാസ്തവം!

മറ്റൊരു ഭക്തൻ പ്രാര്ഥനയോടുള്ള ബന്ധത്തിൽ ഇപ്രകാരം പറഞ്ഞു : “പ്രാർത്ഥനയെന്നത് ദൈവത്തോടുള്ള നമ്മുടെ സംഭാഷണമാണെന്ന് നാം സാധാരണ പറയാറുണ്ടല്ലോ, അത് സത്യം തന്നെ എന്നാൽ അതോടൊപ്പം നാം പ്രാർത്ഥിക്കുമ്പോൾ ഒരു ആത്മീക മല്ലയുദ്ധത്തിൽ നാം ഏർപ്പെടുകയും കൂടിയാണ്. അതായത് സാത്താൻറെ അതിരുകളിലേക്കു നാം പ്രവേശിക്കുകയാണ്, അതായത്, പ്രാർത്ഥനയിലൂടെ സാത്താൻറെ പ്രവർത്തികളെ നാം പരാജയപ്പെടുത്തുകയത്രേ ചെയ്യുന്നത്.

Pray for our fellow beingsചില വർഷങ്ങൾക്കു മുമ്പ്, കൃത്യമായി പറഞ്ഞാൽ 2007 ൽ വെസ്ലി എൽ ഡ്യുവെൽ എന്ന ഗ്രന്ഥകാരൻറെ
“പ്രാർത്ഥനയുടെ അത്യന്ത ശക്തി” (Mighty Prevailing Prayer: Experiencing the Power of Answered Prayer) എന്ന പേരിലുള്ള ഒരു പുസ്തകം മറ്റൊരു സഹോദരനും ഞാനും ചേർന്ന് മലയാളത്തിലേക്ക് പരിഭാഷ ചെയ്യുവാൻ കർത്താവ് സഹായിച്ചു. 40 അദ്ധ്യായങ്ങൾ ഉള്ള ആ പുസ്തകത്തിലെ ആദ്യത്തെ 17 അധ്യായങ്ങൾ പരിഭാഷപ്പെടുത്തുവാൻ ദൈവം എനിക്ക് കൃപ ചെയ്‌തു.

Pray For Our Fellow Beings

  1. Pray For Our Fellow Beings Pray For Our Fellow Beings

ഈ പ്രഭാഷണം തയ്യാറക്കുവാൻ തുടങ്ങിയപ്പോൾ ഞാൻ ആ പുസ്തകം വീണ്ടും ഒന്ന് റെഫർ ചെയ്യുവാനിടയായി.

പ്രാർത്ഥനയോടുള്ള ബന്ധത്തിൽ നിരവധി ചിന്തകൾ നൽകുന്ന ഒരു പുസ്തകമാണത്, പ്രാർത്ഥനയെപ്പറ്റി നിരവധി പുസ്തകങ്ങൾ രചിക്കുകയും, പ്രസംഗിക്കുകയും ചെയ്ത, കർത്താവിൽ പ്രസിദ്ധനായ ലിയോനോൾഡ് റാവൻഹിൽ (Leonard_Ravenhill)എന്ന ഭക്തൻ ആ പുസ്തകത്തെപ്പറ്റി ആമുഖത്തിൽ ഇപ്രകാരം പറഞ്ഞു: “അതി വിശിഷ്ടമായ ഒരു പഠനഗ്രന്ഥമാണിത്. അതിശക്തമായ പ്രാർത്ഥനെയെക്കുറിച്ചുള്ള ഒരു സർവ്വവിജ്ഞാകോശമായി ഞാൻ ഇതിനെ വീക്ഷിക്കുന്നു.”

ഈ പുസ്തകം O M Books ലും Amazon Books ആമസോൺ ബുക്ക് സ്റ്റോറിലും ഇപ്പോഴും ലഭ്യമാണ്.

ആ പുസ്തകത്തിൽ, ഗ്രന്ഥകാരൻ രേഖപ്പെടുത്തിയ ഒരു കാര്യം ഇവിടെ പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. 2 കൊരിന്ത്യർ 2: 11 “സാത്താൻ നമ്മെ തോൽപ്പിക്കരുത്, അവൻ്റെ, തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ”, എന്ന വാക്യം കോട്ടു ചെയ്തുകൊണ്ട് ഇപ്രകാരം
എഴുതി,

“സാത്താന്റെ പരിമിതികൾ നിങ്ങൾ മനസ്സിലാക്കിയിരിക്കേണ്ടത് ആവശ്യമാണ്, പല വിശ്വാസികൾക്കും സാത്താനെ വളരെ ഭയമാണ്, അവൻ ദൈവകോപത്തിനിരയായ ഒരു സൃഷ്‌ടി മാത്രമാണ്. അവൻ നമ്മുടെ കർത്താവിനാൽ ക്രൂശിൽ പരാജയപ്പെടുത്തിയ ഒരു സൃഷ്ടി മാത്രമാണ് എന്നോർക്കുക. അവൻ്റെ നാശം ബൈബിളിൽ വ്യക്തമായി പറഞ്ഞിരിക്കുന്നു.
ഒരു സൃഷ്ടി എന്ന നിലയിൽ അവൻ ശക്തിയിൽ പരിമിതനാണ്, ദൈവം മാത്രമാണ് സർവ്വശക്തൻ .

അവനു ജ്ഞാനത്തിൽ പരിമിതിയുണ്ട്, സർവ്വജ്ഞാനി ദൈവം മാത്രം.

സാന്നിധ്യത്തിൽ പരിമിതനാണവൻ, ദൈവം മാത്രം സർവ്വവ്യാപി.”

അതെ, ഇങ്ങനെ നിരവധി പരിമിതികൾ ഉള്ളവനാണ് സാത്താൻ ഇവനെ നാം ഒട്ടും തന്നെ ഭയപ്പെടേണ്ടതില്ല എന്നതാണ് സത്യം. അപ്പോൾ തന്നെ ഇവന് നമ്മിൽ ഇടം കൊടുക്കാതെ ജാഗ്രത പാലിക്കേണ്ടതുമുണ്ട്. ഒരു ചെറിയ ഇടം കൊടുത്താൽ അവൻ സകലതും കൈക്കലാക്കും ഇവിടെ നാം ജാഗരൂകരായിരിക്കേണ്ടതുണ്ട്.

നാം ഇവിടെ, ഏതു പ്രവർത്തിയിൽ ഏതു ചിന്തയിൽ ആയിരിക്കുന്നു എന്ന് സ്വയം ശോധന ചെയ്തുകൊണ്ട് നമുക്ക് ശ്രദ്ധയുള്ളവരായി ജീവിക്കാം.

നമ്മുടെ വാക്കുകൾ സൂക്ഷമതയോടെ നമുക്കുപയോഗിക്കാം. ഒപ്പം നമ്മുടെ പ്രവർത്തികൾ അവനു പ്രസാദകരമായ രീതിയിൽ ചെയ്യാം.

ഈ ലോക ജീവിതത്തിൽ, വീഴ്ച സംഭവിക്കാവുന്ന ഒരു ശരീരമത്രേ നമുക്കുള്ളത്, വീഴ്ചകൾ കുറവുകൾ ഉള്ളവർ തന്നെ നാം, അതിൽ ഒരു സംശയവുമില്ല, എല്ലാം തികഞ്ഞവരായി ആരുമില്ലല്ലോ. പക്ഷെ, നമ്മുടെ താഴ്ചകൾ, വീഴ്ചകൾ, കണ്ടറിഞ്ഞു അത് സ്വയം തിരുത്തുവാനും പരിഹരിപ്പാനും നമുക്ക് കഴിയും എന്നതിനും രണ്ടു പക്ഷമില്ല.

നാം നേരത്തെ സാദൃശ്യ വാക്യങ്ങളിൽ നിന്നും ഓർത്തത് പോലെ: “യഹോവ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു, നീതിമാന്മാരുടെ പ്രാർത്ഥനയോ അവൻ കേൾക്കുന്നു.

നമുക്ക് ആ നീതിമാന്മാരുടെ പട്ടികയിൽ ഇടം പിടിക്കാം, എങ്കിൽ മാത്രമേ നാം കഴിക്കുന്ന പ്രാർത്ഥനക്കു അവൻ ചെവി തരികയുള്ളു.

സപ്പോസ്, നാം, ഒരു കൂട്ട് സഹോദരനെതിരായി കുറ്റം പറയുന്നുയെന്നിരിക്കട്ടെ!

ചിന്തിക്കുക! ആരാണാ വ്യക്തി,

ദൈവത്തിൻറെ അഭിഷക്തനത്രെ ആ വ്യക്തി, അവനെതിരായി നാം പറയുമ്പോഴും പ്രവർത്തിക്കുമ്പോഴും, കർത്താവിനെതിരായി പറയുന്നു, പ്രവർത്തിക്കുന്നു എന്നാണല്ലോ വരിക, അതേ, അത് അങ്ങനെ തന്നെ! തീർച്ചയായും അത് ദൈവത്തിനെതിരായി പറയുന്നതിന് തുല്യമത്രേ.

എത്ര ഗുരുതരമായ ഒരു കാര്യമത്രെ അത്. ഒരു വിശ്വാസി എന്ന് പറയുന്ന വ്യക്തി കർത്താവിനു എതിരായുള്ള നീക്കം നടത്തുകയെന്നത് തികച്ചും ക്ഷമ അർഹിക്കുന്ന ഒരു പ്രവർത്തി അല്ല തന്നെ.

നാം, അവൻ്റെ മക്കൾ, നമ്മെ അവൻ വലിയൊരു ദൗത്യം ഏൽപ്പിച്ചിരിക്കുകയാണ്, അതിനുപകരമായി നാം അവനെതിരായി നീങ്ങുന്നവരെങ്കിൽ നമുക്ക് അയ്യോ കഷ്ടം!

ഇവിടെ നമുക്ക് ദൈവം ശേഷിപ്പിച്ചിരിക്കുന്ന കാലം, വളരെ സൂക്ഷമതയോടെ, അവനു ഹിതകരമായ പ്രവർത്തികളിൽ മാത്രം ഏർപ്പെട്ട്, നമുക്ക് നമ്മുടെ രക്ഷകനെ പ്രസാദിപ്പിക്കാം.

മനുഷ്യരെ പ്രസാദിപ്പിക്കുന്ന പ്രവർത്തികളിൽ നിന്നും നമുക്കൊഴിഞ്ഞിരിക്കാം, പട ചേർത്തവനെ നമുക്ക് പ്രസാദിപ്പിക്കാം.

കൂട്ടുസഹോദരനോട് ഉള്ളിൽ വിദ്വെഷവും പകയും വെച്ചുകൊണ്ട് ദൈവ സന്നിധിയിൽ വാതോരാതെ പ്രാർത്ഥന നടത്തിയാൽ ആ പ്രാർത്ഥനക്കു ദൈവം ചെവി തരികയില്ല എന്നത്രെ തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്നത്.

നേരത്തെ നാം സാദൃശ്യ വാക്യങ്ങളിൽ നിന്നും ഓർത്തത് പോലെ, കൂട്ട് സഹോദരനെ പകക്കുന്നവൻ ദുഷ്ടന്മാരുടെ പട്ടികയിൽ തന്നെ, അങ്ങനെയുള്ളവരുടെ പ്രാർത്ഥനക്കു ദൈവം മറുപടി നൽകില്ല എന്ന് മാത്രമല്ല, ദൈവം അത് വെറുക്കുന്നു എന്നാണ് നാം വായിക്കുന്നത്.

നമുക്ക് നീതിമാന്മാരുടെ പട്ടികയിൽ ഇടം പിടിക്കാം, എന്നിട്ടു നമുക്ക് അവനോടു പ്രാർത്ഥിക്കാം, എങ്കിൽ മാത്രമേ നമ്മുടെ പ്രാർത്ഥന അവൻ കേൾക്കുകയുള്ളു.

അതെത്ര അനുഗ്രഹകരമായ ഒരു അവസ്ഥയായിരിക്കും.
അതാണല്ലോ അവനു പ്രസാദകരമായ പ്രവർത്തിയും.

ഒരു പക്ഷെ ദൈവ സംബന്ധമായ നിരവധി കാര്യങ്ങൾ വളരെ ശുഷ്‌ക്കാന്തിയോടെ ചെയ്യുന്ന ഒരാളായിരിക്കാം നിങ്ങൾ, വളരെ നല്ല കാര്യം, അത് അങ്ങനെ തന്നെ വേണംതാനും, പക്ഷെ ഈ ആദ്യ പാഠം മറന്നാണീ പ്രവർത്തികളിൽ ഏർപ്പെടുന്നതെങ്കിൽ ഫലം ശൂന്യം തന്നെ എന്നതിൽ സംശയമില്ല.

നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കണമെങ്കിൽ നമുക്ക് പരസ്‌പരം സ്നേഹിക്കാം, മത്തായി 22: 39, 40 വാക്യങ്ങൾ വായിക്കുക.
ചേരി തിരിവില്ലാത്ത ഒരു സ്നേഹത്തെക്കുറിച്ചത്രേ അവിടെ പറയുന്നത്.

നമ്മുടെ സ്നേഹത്തിനു അതിരുകൾ നിർണ്ണയിക്കാതിരിക്കാം, വലുപ്പച്ചെറുപ്പം, ധനം, സ്ഥാനമാനങ്ങൾ, തുടങ്ങിയ മാനദന്ധങ്ങൾ നോക്കി നമുക്ക് സ്നേഹിക്കാതിരിക്കാം, എല്ലാവരെയും ഒരുപോലെ സ്നേഹിക്കാം, അതത്രെ കർത്താവ് പറഞ്ഞ ആ വാക്കുകളിൽ നിന്നും നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നത്.

ചില ആഴ്ചകൾക്കു മുമ്പ് ഒരു സഹോദരൻ സ്നേഹത്തെക്കുറിച്ചു വളരെ വിശദമായി വചനത്തിൽ നിന്നും സംസാരിക്കുകയുണ്ടായി.
അതിൽ അദ്ദേഹം ഊന്നിപ്പറഞ്ഞ ഒരു കാര്യം ഞാൻ വീണ്ടും ഇവിടെ ഓർപ്പിക്കട്ടെ!
പ്രിയ സഹോദരങ്ങളെ നമ്മുടെ സ്നേഹം നിർവ്യാജമായിരിക്കട്ടെ!

എന്ന് പറഞ്ഞാൽ എന്താണ്, കപട ഭാവത്തോടെയുള്ള ഒരു സ്നേഹ പ്രകടനം, അത് പാടില്ല, നമ്മുടെ സ്നേഹം, വിശേഷിച്ചും കൂട്ട് സഹോദരങ്ങളോടുള്ള നമ്മുടെ സ്നേഹത്തിൽ നമുക്ക് കാപട്യം കലർത്താതിരിക്കാം, നിർമ്മലവും, നിഷ്കളങ്കവുമായിരിക്കട്ടെ നമ്മുടെ സ്നേഹം. അതേ , ലാഭേഛ കൂടാതെയുള്ള ഒരു സ്നേഹമായിരിക്കട്ടെ നമ്മുടെ സ്നേഹം!

നമ്മുടെ സ്നേഹം നിർവ്യാജമെങ്കിൽ തീർച്ചയായും നമ്മുടെ കർത്താവിനതു പ്രസാദമായിരിക്കും.

നേരത്തെ പറഞ്ഞതുപോലെ നമുക്ക്, പരിമിതികൾ, കുറവുകൾ ഉള്ളവർ തന്നെ, എന്നാൽ ആത്മാർത്ഥമായി ശ്രമിച്ചാൽ നമുക്ക് മറ്റുള്ളവരെ നിർവ്യാജമായി സ്നേഹിപ്പാൻ കഴിയും എന്നതിൽ തർക്കമില്ല!

അങ്ങനെയെങ്കിൽ മുമ്പ് പറഞ്ഞ നേരുള്ളവരുടെ ലിസ്റ്റിൽ നാം ഉൾപ്പെടും നമ്മുടെ പ്രാർത്ഥന ദൈവസന്നിധിയിലേക്കുയരും, അതിനുത്തരം ലഭിക്കുകയും ചെയ്യും.

പ്രിയപ്പെട്ടവരേ സാത്താൻ വളരെ സമർത്ഥനാണ്, അവൻ തന്നെ നമ്മെ ഇവിടേയും വീഴ്ത്താൻ ശ്രമിക്കുന്നത്, നമുക്ക് അവൻ്റെ വലയിൽ വീഴാതിരിക്കാം. നേരത്തെ സൂചിപ്പിച്ചതുപോലെ അവൻ തന്ത്രശാലിയെങ്കിലും നമുക്കവനെ ഒട്ടും തന്നെ ഭയപ്പെടേണ്ടതില്ല.
കാരണം നമ്മോടുള്ളവൻ അവനെ ജയിച്ചവനും അവനെ കീഴടക്കിയവനുമാണ്. അതിനാൽ നമുക്ക് ഭയത്തിന് ലേശവും ആവശ്യമില്ല.

നാം കൂടുതൽ ജാഗ്രതയുള്ളവരായിരിക്കണം എന്ന് മാത്രം.

ദുഷ്ടന്മാരും നീതിമാന്മാരും തമ്മിലുള്ള ഒരു ചേരിതിരിവ് സദൃശ്യവാക്യങ്ങളിൽ നമുക്ക് കാണാം 10 മുതൽ 18 വരയുള്ള അധ്യായങ്ങളിൽ നമുക്കതു വായിക്കാം, നമ്മുടെ വരും നാളുകളിലെ, വചന ധ്യാനങ്ങളിൽ ഈ ഭാഗങ്ങൾ ഉൾപ്പെടുത്തി, ഒന്നുകൂടി ശ്രദ്ധയോടെ നമുക്കതു വായിക്കാം. (Proverbs chapters 10 to 18)

പ്രാര്ഥനയോടുള്ള ബന്ധത്തിൽ ഒരു സുപ്രധാന കാര്യം കൂടി ഓർമ്മപ്പെടുത്തിക്കൊണ്ടു ഞാൻ എന്റെ വാക്കുകൾ അവസാനിപ്പിക്കാം.
“നമ്മുടെ പ്രാർത്ഥനകളിൽ നാം പലപ്പോഴും സ്വാർത്ഥമതികൾ ആയിപ്പോകാറില്ലേ! വളരെ ഗൗരവതരമായ ഒരു കാര്യമത്രെ ഇത്!
പലപ്പോഴും, നമുക്കുവേണ്ടിയും നമ്മുടെ പ്രീയപ്പെട്ടവർക്കു വേണ്ടിയും മാത്രം പ്രാർത്ഥിക്കുന്ന ഒരു അവസ്ഥയിലേക്ക് നാം ആയിപ്പോകാറില്ലേ?
നമ്മുടെ ആവശ്യങ്ങൾക്ക്‌ വേണ്ടി നാം പ്രാർത്ഥിക്കേണ്ട എന്നല്ല ഇതിനർത്ഥം, തീർച്ചയായും അത് വേണം.

നമ്മുടെ സ്വയത്തിനു വേണ്ടി മാത്രമുള്ള ഒരു പ്രാർത്ഥനയല്ല ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നത് എന്നാണ് ഞാൻ പറഞ്ഞത്.

മറിച്ചു, മറ്റുള്ളവർക്ക് വേണ്ടി പ്രാര്ഥിക്കുന്നവരായിരിക്കാം നമുക്ക്. അത്തരം പ്രാർത്ഥനകൾക്ക് ഇരട്ടി പ്രതിഫലം ലഭിക്കും എന്നും തിരുവചനം നമ്മെ പഠിപ്പിക്കുന്നു, ഇക്കാര്യം നമുക്ക് മറക്കാതിരിക്കാം.

ഇയ്യോബ് , നെഹമ്യാവു, തുടങ്ങി നിരവധി ഭക്തന്മാർ സമസൃഷ്ടങ്ങൾക്കുവേണ്ടി, അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചതും അവർക്കതിനു ഇരട്ടി പ്രതിഫലം ലഭിച്ചതായും അവരുടെ ജീവിതത്തിൽ നിന്നും നമുക്ക്‌ മനസ്സിലാക്കാം.

ഇക്കാര്യത്തിൽ നമുക്ക് കുറേക്കൂടി ജാഗ്രത പുലർത്താം.

നമ്മുടെ ശത്രുക്കൾക്കുവേണ്ടി പ്രാർത്ഥിക്കാൻ പഠിപ്പിച്ച നമ്മുടെ കർത്താവിൻറെ പാത നമുക്ക് പിന്തുടരാം.

നമ്മുടെ രാഷ്ട്രത്തിനും ഭരണാധികാരികൾക്കും വേണ്ടി പ്രാർത്ഥിക്കാൻ നാം കടപ്പെട്ടിരിക്കുന്നു. തന്നെയുമല്ല, ലോകരാഷ്ട്രങ്ങൾക്കുവേണ്ടിയും, അയൽ രാജ്യങ്ങൾക്കു വേണ്ടിയും നാം പ്രാര്ഥിക്കേണ്ടതുണ്ട്.

വിശേഷിച്ചു യെരുശലേമിൻറെ സമാധാനത്തിനുവേണ്ടി പ്രാർത്ഥിപ്പാനും നാം കടപ്പെട്ടിരിക്കുന്നു. തിരുവചനം അത് വ്യക്തമായി നമ്മോടു പറയുന്നു. സങ്കീർത്തനം 122: 6 നമ്മുടെ പ്രാർത്ഥനാ ലിസ്റ്റിൽ ഇസ്രായേൽ രാജ്യത്തേയും നമുക്ക്ഉൾപ്പെടുത്താം.Pray for our fellow beings

നമ്മുടെ പ്രാർത്ഥനയിലൂടെ, നമുക്ക് നമ്മുടെ സമസൃഷ്ടങ്ങളെ സഹായിക്കാം, അത് തീർച്ചയായും നമ്മുടെ
ദൈവത്തിനു പ്രസാദകരമായിത്തീരും. അങ്ങനെ ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നത് നമുക്കവന് നൽകാം.

നമ്മുടെ ദൈവത്തിനു പ്രസാദകരമായ പ്രവർത്തികളിൽ മാത്രം നമുക്ക് ഏർപ്പെടാം.

വലിയവനായ ദൈവം അതിനേവർക്കും സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെ നിർത്തുന്നു.

കർത്താവ് സഹായിക്കട്ടെ.

ആമേൻ

Image Credits: Pixabay; Amazon Books and OM Books Secunderabad

Dear Readers, Your Attention Please!

Thank you so much for your valuable time.
We appreciate and love your feedback/comments!
We accept feedback from our readers and often do reciprocate.
Your feedback, negative or positive, we would like to hear from you.
But there is a slight restriction/rule in this regard.
Please read our comment policy before you make a comment,
otherwise, you may miss the mark and your comments may not get approved!
So please do share your views in the comment box keeping the comment policy of Philipscom.

In short, Philipscom will not approve comments that,

1. Are One word or one line.
2. Are abusive, intimidating, threatening or inflammatory
3. Make offensive generalizations
4. Ramble without a point
5. Use offensive or insensitive language
6. typed all in CAPITAL Letters.
7. typed in a language other than English
8. Are irrelevant to the post in question
9. Contain self-promotional materials or links
10. Give unnecessary, advice to Philipscom
Philipscom also reserves the right to edit comments or to remove material that does not conform to our comment policy.
If time permits please do visit this post related to blogcomments.

 

Check your domain ranking

2 Comments

  1. Tony S
    Tony S

    Hi,Philip, Your post was really a thought-provoking one.
    A very timely message you conveyed thru this post.
    Appreciate your concern towards your fellow beings.
    With best regards
    Tonny

    July 29, 2021
    |Reply

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

Let's Connect On YouTube

X