Skip to content

നമുക്ക് കര്‍ത്താവിനായി നല്ല ഫലം പുറപ്പെടുവിക്കാം. (ഒരു പ്രസംഗ സംഷേപം)

Posted in A to Z Blog Challenge

ക്രിസ്തു വിശ്വാസികള്‍ കര്‍ത്താവ് അവന്റെ തോട്ടത്തില്‍ നാട്ടിരിക്കുന നടുതലയായ മുന്തിരി

വള്ളികള്ത്രേ. നമ്മില്‍ നിന്നും നല്ല ഫലം, അതും വളരെ ഫലം കായ്പ്പാന്‍ അവന്‍

ആഗ്രഹിക്കുന്നു. സെക്കന്ദ്രാബാദ് ക്രിസ്ത്യന്‍ (ബ്രതെരെന്‍) അസ്സംബ്ലിയില്‍ ജനുവരി പതിനേഴു

ഞായറാഴ്ച ആരാധനക്ക്‌ ശേഷം നടത്തിയ പ്രസംഗത്തില്‍ നിന്നും ചില പ്രസക്ത ഭാഗങ്ങള്‍.

സംഭവ ബഹുലമായ ഒരു വര്‍ഷം കൂടി നമ്മെ വിട്ടു കടന്നു പോയി . സുഖദുഃഖ സമ്മിശ്രമായ

ദിനങ്ങള്‍ ആയിരുന്നു അവ എന്നതിനു ആര്‍ക്കും തന്നെ സംശയമില്ല. നാമിന്നായിരിക്കുന്ന അവസ്ഥ

വളരെ കലുഷിതമായ ഒന്നത്രേ. നമുക്കറിയാം നമ്മുടെ സ്റ്റേറ്റ് തന്നെ കലുഷിതമായ ഒരു

അവസ്ഥയിലായിരിക്കുകയാണ്. കഴിഞ്ഞ നാളുകള്‍ വരെ ഒരുമിച്ചു സമാധാനത്തിലും

സന്തോഷത്തിലും വസിച്ചിരുന്നവര്‍ തെലുങ്കാന പ്രത്യേക രാഷ്ട്രം എന്ന സമരം മൂലം പല വിഭാ

ഗങ്ങളായി ഭേദിക്കപ്പെട്ടിരിക്കുന്നു. ഇന്നലെ വരെ പരസ്പ്പരം സ്നേഹത്തിലും സന്തോഷത്തിലും

സഹവഹിച്ചിരുന്നവര്‍ ഒരു തരം വിധ്വേഷ ത്തോട്‌ തമ്മില്‍ കാണുന്നു. സ്കൂളുകളിലും

കോളേജുകളിലും ഇതിന്റെ പേരില്‍ കലഹവും വിധ്വേഷവും വര്‍ദ്ധിച്ചു വരുന്നു. കേരളത്തിന്റെ

വിവിധ ഇടങ്ങളില്‍ നിന്നും ഉപജീവനാര്‍ത്ഥം ഇവടെ കടന്നു വന്നിരിക്കുന്ന നമ്മിലും ഇപ്പോഴത്തെ

ഈ അവസ്ഥ അല്‍പ്പം ഭീതിയുടെ നിഴല്‍ പരത്തിയിരിക്കുന്നു എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും

അതിശയോക്തി ഇല്ല. എന്നാല്‍ നമുക്കിവിടെ ആശ്വസിക്കാന്‍ ധാരാളം വകകള്‍ ഉണ്ട് . നമ്മുടെ

കര്‍ത്താവിന്റെ വരവ് ഏറ്റം സമീപമായിരിക്കുന്നു എന്നത്രേ ഇത്തരം സംഭവ വികാസങ്ങള്‍ നമ്മെ

വിളിച്ചറിയിക്കുന്നത്.

അതെ നമ്മുടെ കര്‍ത്താവിന്റെ വരവ് ഏറ്റവും അടുത്തിരിക്കുന്നു എന്ന് ലോക സംഭവങ്ങള്‍

അനുദിനം നമ്മെ വിളിച്ചറിയിക്കുന്നു. നമുക്ക് കൂടുതല്‍ ജാഗരൂകരായിരിക്കാം. കഴിഞ്ഞ

വര്‍ഷത്തേക്കാള്‍ കൂടുതല്‍ പ്രതികൂലങ്ങള്‍ നമുക്കീ വര്‍ഷത്തില്‍ പ്രതീക്ഷിക്കാം. എന്നാല്‍, നാം

കലങ്ങേണ്ടതില്ല കാരണം “നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത് , ദൈവത്തില്‍ വിശ്വസിപ്പിന്‍

എന്നിലും വിശ്വസിപ്പിന്‍ എന്ന് പറഞ്ഞവന്‍ വാക്ക് മാറുകയില്ലല്ലോ, അവന്‍ എന്നും നമ്മോടു

കൂടെ ഉണ്ടന്നത് തന്നെ എത്ര ആശ്വാസം തരുന്നു. തന്നെയുമല്ല അവന്‍ നമ്മെ ചേര്‍ക്കാന്‍ വീണ്ടും

വരുന്നു എന്ന പ്രത്യാശയും നമുക്കവന്‍ നല്‍കിയിട്ടുണ്ടല്ലോ.

പുതുവര്‍ഷം എന്നത് ലോകജനങ്ങള്‍ക്കൊപ്പം നമുക്കും ഒരു കണക്കെടുപ്പിന്റെ ദിനങ്ങളാണല്ലോ.

ലോക ജനങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷം തങ്ങള്‍ ചെയ്തു കൂട്ടിയ കാര്യങ്ങളുടെ കണക്കെടുപ്പു

നടത്തുന്നു, ചിലര്‍ക്ക് അത് അനുതാപത്ത്തിനും, ചില പുതിയ തീരുമാങ്ങള്‍ എടുക്കുന്നതിനുമുള്ള

സമയം. പുതിയ തീരുമാങ്ങള്‍ എടുക്കുന്നെങ്കിലും പഴയത് പലതും പൂര്തീകരിക്കാനവാതെ

അവശേഷിക്കപ്പെടുകയും ചെയ്യുന്നു. വിശ്വാസികളോടുള്ള ബന്ധത്തിലും വര്‍ഷാവസാ നത്തിലും

അതിന്റെ ആരംഭത്തിലും ഒരു സ്റ്റോക്ക്‌ എടുക്കല്‍ പ്രക്രിയ നടക്കാറുണ്ട് , വിവിധ നിലകളില്‍

നാമത്‌ ചെയ്യുന്നു.

2009 ദൈവം നമുക്ക് എന്ത് ചെയ്തു? ദൈവത്തോടുള്ള എന്റെ അല്ലെങ്കില്‍ നമ്മുടെ നിലപാട്

എന്തായിരുന്നു? ദൈവത്തിന്റെ നിലവാരത്തിനോട് അല്‍പ്പമെങ്കിലും നമുക്ക് എത്തുവാന്‍

കഴിഞ്ഞോ?

വിശ്വസ്തനും സ്നേഹവാനുമായ ദൈവത്തോട് വിശ്വസ്തത കാണിപ്പാന്‍ നമുക്ക് കഴിഞ്ഞോ?
എന്നെ ശ്രവിക്കുന്ന പലര്‍ക്കും അതിനു “കഴിഞ്ഞു” അല്ലെങ്കില്‍ “yes” എന്നുള്ള ഉത്തരം

കൊടുപ്പാന്‍ കഴിഞ്ഞാല്‍ അതെത്ര അനുഗ്രഹിക്കപ്പെട്ട ജീവിതമായിരിക്കും. അങ്ങനെയുള്ള

പ്രീയപ്പെട്ടവരെ ഓര്‍ത്തു ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു. അവര്‍ക്ക് ഇരട്ടി അനുഗ്രഹം ലഭിക്കും

എന്നതിനു സംശയം വേണ്ട. കര്‍ത്താവ്‌ അതിനു തുടര്‍ന്നും അവരെ സഹായിക്കട്ടെ.

നാം ഓര്‍ത്തതുപോലെ, ദൈവത്തിനു നമ്മോടുള്ള വിശ്വസ്തത വാക്കുകളാല്‍ വര്‍ണ്ണിപ്പാന്‍

അസാധ്യമാത്രേ, അപ്രമേയവും അതിശയകരവുമത്രേ അവന്റെ വഴികള്‍. അത്രയും

അത്ഭുതകരമായി അവന്‍ നമ്മെ അനുദിനവും നടത്തുന്നു. സങ്കീര്‍ത്തനം 68:19 ല്‍ നാമിങ്ങനെ

വായിക്കുന്നു, “നാള്‍ തോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന നമ്മുടെ കര്‍ത്താവ്‌

വാഴ്ത്തപ്പെടുമാറാകട്ടെ. ഇംഗ്ലീഷില്‍ ഇതു കുറേക്കൂടി വ്യക്തമാണ് “Blessed be the

Lord who daily loadeth us with “benefits”…

(KJV) നോക്കുക വല്ലപ്പോഴുമല്ല എന്നാല്‍ daily എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ ‘ഭാരങ്ങള്‍’ എന്നയിടത്ത് “ബെനഫിറ്റ് ” എന്ന വാക്കാണ്‌ ഇംഗ്ലീഷില്‍

ഉപയോഗിച്ചിരിക്കുന്നത്, ബെനെഫിറ്റ് എന്ന പദത്തിന്റെ അര്‍ഥം പരിശോധിച്ച്ചപ്പോള്‍ എനിക്കു

മനസ്സിലാക്കുവാന്‍ കഴിഞ്ഞത്, ആനുകൂല്യം, ലാഭം, പ്രയോജനം, വേതനം,ബത്ത,

ആദായം, നന്മ ചെയ്യുക, ഉപകരിക്കുക, അനുകൂലം ലഭിക്കുക തുടങ്ങിയ അര്‍ത്ഥങ്ങളാണ് .

അവിടെയെങ്ങും “ഭാരം” അല്ലെങ്കില്‍ “ഭാരങ്ങള്‍” എന്ന പദം കണ്ടില്ല. തുടര്‍ന്ന് “ഭാരം”

എന്ന വാക്കിന്റെ അര്‍ത്ഥം മലയാളം ഡിക്ഷനറിയില്‍ കണ്ടത് ‘ ഘനം, ചുമട്, ഗുരുത,

ചുമതല, എന്നും കഷ്ടത, ദുഖം, എന്നിങ്ങനെ രൂപക അര്‍ഥത്തിലും തിരുവച്ചനത്ത്തില്‍

ഉപയോഗിച്ചിട്ടുണ്ടെന്നു കാണാന്‍ കഴിഞ്ഞു.

എന്തായാലും, ഇതേപ്പറ്റി ഞാന്‍ ചിന്തിച്ചപ്പോള്‍ ആദ്യം അല്‍പ്പം ചിന്താക്കുഴപ്പത്തില്‍ ആയെങ്കിലും

പിന്നീട് ചിന്തിച്ചപ്പോള്‍ രണ്ടും ഒരര്‍ഥത്തില്‍ ശരിയാണല്ലോ, കാരണം നമ്മുടെ “ഭാരങ്ങള്‍

ചുമക്കുക” എന്നത് തന്നെ നമുക്ക് ലഭിക്കുന്ന ഒരു വലിയ “ബെനെഫിറ്റ് ” ആണല്ലോ.

ഒരു പക്ഷേ, മൂലഭാഷയില്‍ “ബെനെഫിറ്റ്” എന്ന അര്‍ത്ഥം വരുന്നുണ്ടായിരിക്കാം,

അതെന്തുമാകട്ടെ, നമുക്കിവിടെ പറയുവാനും മനസ്സിലാക്കുവാനും കഴിയുന്നത് നാള്‍ തോറും

നമ്മുടെ ഭാരങ്ങള്‍ ചുമക്കുന്നവനും ഒപ്പം അനുഗ്രഹങ്ങളാല്‍ നമ്മെ നിറക്കുന്നവനുമാണ് നമ്മുടെ

കര്‍ത്താവ്. ഈ ദൈവത്തിനു എത്ര മാത്രം നന്ദിയും സ്തുതിയും കരേറ്റിയാല്‍ മതിയാകും.

സങ്കീര്‍ത്തനക്കാരനോട് ചേര്‍ന്ന് നമുക്കും പറയാം ‘എന്നോട് ചേര്‍ന്ന് യെഹോവയെ

മഹിമപ്പെടുത്തുവീന്‍ നാം ഒന്നിച്ചു അവന്റെ നാമത്തെ ഉയര്‍ത്തുക. (സങ്കീ. 34:3).
അതു എത്ര നല്ലത്, അതത്രേ ദൈവം നമ്മില്‍ നിന്നും ആഗ്രഹിക്കുന്നതും.

നമ്മുടെ സ്തുതി സ്തോത്രങ്ങള്‍ക്ക് അവന്‍ മാത്രം യോഗ്യന്‍. ലോകത്തില്‍ മറ്റാര്‍ക്കും ആ മഹിമ

പിടിച്ചു പറ്റാന്‍ കഴിയുകയില്ല, അവന്‍ മാത്രം അതിനു യോഗ്യന്‍. അതാണല്ലോ നാം

ആരാധനയ്ക്ക് കടന്നു വരുമ്പോള്‍ ചെയ്യുന്നതും ചെയ്യേണ്ടതും. സകല ആരാധനക്കും സ്തുതിക്കും

അവന്‍ മാത്രം യോഗ്യന്‍, അങ്ങനെയുള്ള ഒരു ദൈവത്തെ, നമ്മുടെ സൃഷ്ടാവിനെ സ്തുതിക്കുക,

ആരാധിക്കുക എന്നതത്രേ ഒരു വിശ്വാസിക്ക് ഈ ഭൂമിയുടെ പരപ്പില്‍ വെച്ച് ചെയ്യാവുന്ന ഏറ്റവും

ശ്രേഷ്ടമായ കാര്യവും. അതു മാത്രമത്രേ അവന്‍ മര്‍ത്യരില്‍ നിന്നും ആഗ്രഹിക്കുന്നതും. ഇവിടെ

ഒരു നിബന്ധന ഉണ്ടെന്നു മാത്രം. ആരാധിക്കുന്നവര്‍ വിശുദ്ധിയില്‍ വേണം അവനെ

ആരാധിക്കാന്‍, അതു നാം സ്വയം ശോധന ചെയ്യേണ്ട കാര്യമത്രേ. വളരെ ഗൌരവമായി

ചിന്തിക്കേണ്ടതും ചെയ്യേണ്ടതുമായ ഒരു പ്രവര്‍ത്തിയത്രെ അതു.

തന്റെ നിലവാരത്തിനൊപ്പം എത്താന്‍ കഴിഞ്ഞില്ലങ്കിലും അതിനുള്ള ഒരു ശ്രമമെങ്കില്‍ കഴിഞ്ഞ ഒരു

വര്‍ഷം നമുക്ക് നടത്തുവാന്‍ കഴിഞ്ഞോ?

കര്‍ത്താവിനു വേണ്ടി ചില നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍ നമുക്ക് കഴിഞ്ഞോ?

നമുക്ക് നമ്മെത്തന്നെ ഒന്ന് വിലയിരുത്താം.

നാം ഏതില്‍ നിന്നു വീണിരിക്കുന്നു?

നാം ഓരോരുത്തരും നമ്മുടെ സൃഷ്ടാവായ ആ വലിയ തോട്ടക്കാരന്റെ തോട്ടത്തിലെ മുന്തിരിവള്ളികളത്രേ!
തോട്ടക്കാരന്‍ നല്ല നടുതലയായത്രേ നമ്മെ നട്ടിരിക്കുന്നത് , നമുക്ക് അവനു വേണ്ടി ഫലം
പുറപ്പെടുവിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ?

യെശയ്യ പ്രവചനത്തില്‍ (5:1-7 വരെയുള്ള വാക്യങ്ങളില്‍ ഒരു തോട്ടക്കാരെന്റെയും താന്‍ നട്ടു വളര്‍ത്തിയ മുന്തിരിവള്ളിയുടെയും ഒരു ദൃഷ്ടാന്തം കാണുന്നു, ഫലസമൃധമായ ഒരു കുന്നിന്മേല്‍ ആ തോട്ടക്കാരന് ഒരു തോട്ടം ഉണ്ടായിരുന്നു, താനെന്തു ചെയ്തു വാക്യം രണ്ടു , വന്യ മൃഗങ്ങളും മറ്റും കടന്നു വന്നു തോട്ടം നശിപ്പിക്കാതിരിപ്പാന്‍ ചുറ്റും വേലി കെട്ടി, അതിലെ കല്ലും മറ്റും പെ പെറുക്കിക്കളഞ്ഞു കൃഷിക്കുപയുക്തമാക്കി മാറ്റി അതില്‍ നല്ല വക മുന്തിരി തല നട്ടു. ഇംഗ്ലീഷില്‍ ‘choicest vine’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്, ഏറ്റവും ശ്രേഷ്ടമായ മുന്തിരിത്തല എന്നര്‍ഥം. തുടര്‍ന്ന് കവര്‍ചക്കാരില്‍ നിന്നും തോട്ടം രക്ഷിക്കാന്‍ അതിന്റെ നടുവില്‍ ഒരു ഗോപുരവും പണിതു, ഒരു മുന്തിരി ചക്കും സ്ഥാപിച്ചു.

ഫലം പ്രതീക്ഷിച്ച് തോട്ടക്കാരന്‍ കാത്തിരുന്നു , പക്ഷെ കായ്ച്ചതോ കാട്ടു മുന്തിരിങ്ങ.

വലിയ പ്രതീക്ഷയോടെ എല്ലാവിധ ശുശ്രൂഷകളും ചെയ്തു ക്ഷമയോടെ കാത്തിരുന്നു വളര്‍ത്തിയെടുത്ത മുന്തിരിയില്‍ നിന്നും കായ്ച്ചതോ കാട്ടു മുന്തിരിങ്ങ. പ്രതീക്ഷകളെല്ലാം അസ്ഥാനത്തായിപ്പോയി ക്ഷമയറ്റ ആ തോട്ടക്കാരന്‍ പിന്നീട് എന്താണ് ചെയ്തത് വാക്യം 4-5 ശ്രദ്ധിക്കുക, അയാള്‍ വിലപിക്കുന്നു വാക്യം 4 ല്‍ ഇങ്ങനെ വായിക്കുന്നു ” ഞാന്‍ എന്റെ തോട്ടത്തില്‍ ചെയ്യാവുന്നതെല്ലാം ചെയ്തു, ഇനി എന്തു ചെയ്‌വാന്‍, മുന്തിരിങ്ങ കായ് ക്കുമെന്ന്

കാത്തിരുന്നപ്പോള്‍ അത് കാട്ടുമുന്തിരിങ്ങ കായ്ച്ച തു എന്തുകൊണ്ട്? തുടര്‍ന്ന് അയാള്‍ പറയുന്നു “ഞാന്‍ എന്റെ മുന്തിരിതോട്ടത്തിനോട് എന്തു ചെയ്യും എന്നു നിങ്ങളോട് പറയാം; ഞാന്‍ അതിന്റെ വേലി പൊളിച്ചു കളയും; അതു തിന്നു പോകും; ഞാന്‍ അതിന്റെ മതില്‍ ഇടിച്ചുകളയും; അതു ചവിട്ടി മെതിക്കപ്പെടും.

യിസ്രായേല്‍ മക്കളോടുള്ള ബന്ധത്ത്തിലാണിത് പറയുന്നത് തോട്ടക്കാരന്‍ ദൈവവും. ഏഴു മുതലുള്ള വാക്യങ്ങള്‍ വായിച്ചാല്‍ അതു മനസ്സിലാകും. നല്ല ഫലം പുറപ്പെടുവിക്കേണ്ട അവര്‍ കയിപ്പിന്റെ ഫലം പുറപ്പെടുവിക്കുകയും നാശത്തിനു പാത്രമായിതീരുകയും ചെയ്തു.

ഹോശയ പ്രവചനത്തില്‍ മറ്റൊരു മുന്തിരി വള്ളിയെപ്പറ്റി നാം വായിക്കുന്നു (അതും യിസ്രായേല്‍ മക്കളോടുള്ള ബന്ധത്ത്തിലാണ് പറഞ്ഞിരിക്കുന്നത്. ഇവിടെ പടര്‍ന്നു പന്തലിച്ചിരിക്കുന്ന ഒരു മുന്തിരി വള്ളി, ഫലവും ഉണ്ട്, പക്ഷെ. യിസ്രായേല്‍ ജനത തങ്ങളുടെ സമൃദ്ധിക്കനുസരിച്ച് അവര്‍ ബലി പീഠങ്ങളെ വര്‍ധിപ്പിച്ചു വിഗ്രഹ സ്തംഭങ്ങളെ നിര്‍മ്മിച്ച്‌ കൂട്ടി, യാഹോവക്ക് അനിഷ്ടമായത് ചെയ്തു.

വെറും കുപ്പയില്‍ കിടന്നിരുന്ന അവരെ ഒരിക്കലും ലഭിക്കാന്‍ സാധിക്കാത്ത അനുഗ്രഹ സമൃദ്ധി നല്‍കി അനുഗ്രഹിച്ചു .പക്ഷെ അവര്‍ സൃഷ്ടാവിനെ മറന്നു സൃഷ്ടിയെ ആരാധിച്ചു. തോട്ടത്തില്‍ തങ്ങളുടെ വേരുറച്ച ശേഷം തങ്ങളെ നട്ടുവളര്‍ത്തിയ ദൈവത്തെ അവര്‍ മറന്നു. നമ്മുടെ വ്യക്തി ജീവിതങ്ങളിലും പലപ്പോഴും നാമും ഈ ദൈവത്തെ മറന്ന് അവനു അനിഷ്ടമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിട്ടില്ലേ? ഒന്നിനും ഏതിനും കൊള്ളെരുതാത്തവരായി പുറം പറമ്പില്‍ ഏറിയപ്പെട്ടു കിടന്ന ഒരു അവസ്ഥയില്‍ ആയിരുന്ന നമ്മെ അവന്‍ തിരഞ്ഞെടുത്ത്, അവന്റെ തോട്ടത്തില്‍ നടുതലയായി (choicest vine) നട്ടു.

നാം ആ തോട്ടക്കാരനുവേണ്ടി ഏത് തരത്തിലുള്ള ഫലമാണിന്നു പുറപ്പെടുവിക്കുന്നത് ?

നമുക്കൊന്ന് ശോധന ചെയ്യാം. തിരെഞ്ഞെടുത്തു നട്ടു വളര്‍ത്തിയ ദൈവത്തെ മറന്നു കൊണ്ടുള്ള പ്രവര്‍ത്തികളില്‍

ഏര്‍പ്പെട്ടുകൊണ്ടുള്ള ഒരു ജീവിതം നയിക്കുന്നവരോ നാം.? അവന്റെ നിരവധി നന്മകള്‍ അനുഭവിച്ചു കൊണ്ട് അവന്റെ നാമത്തിനു നിന്ദാ പാത്രങ്ങള്‍ ആയിത്തീരുന്നവരോ നാം? ആ ദൈവം നമ്മെ നട്ടു വളര്‍ത്തി പരിപാലിച്ചതിനാല്‍ അത്രേ നമുക്കിന്നു സങ്കീര്‍ത്തനം 80 ല്‍ പറയുന്നതുപോലെ ദേവദാരുവിനെപ്പോലെ തല ഉയര്‍ത്തി നില്‍പ്പാന്‍ കഴിയുന്നത്‌ . ഇത്രയും ഉന്നതമായ പദവിയില്‍ എത്തി നില്‍ക്കുന്ന നാം കടന്നു വന്ന വഴികള്‍/പടികള്‍ മറന്നു പോകരുത്.

ദൈവത്തെ അനുസരിക്കാനും, ദൈവ സ്വഭാവത്തില്‍ ജീവിക്കുവാനും നമുക്ക് കഴിയണം. പക്ഷെ! നമുക്കതിനു കഴിയുന്നുണ്ടോ? വളരെ ഗൌരവമായി ചിന്തിക്കേണ്ട ഒരു വിഷയം.

നമുക്ക് നമ്മുടെ വാക്കിലും പ്രവര്‍ത്തിയിലും ചിന്തയിലും ദൈവത്തെ മറക്കുന്നവരാകാതിരിക്കാം. ഉയരമുള്ള ദേവദാരു പോലെ ഉയര്‍ന്നിരിക്കുമ്പോള്‍ ആര്‍ക്കും തങ്ങളെ ഒന്നും ചെയ്യുവാന്‍ കഴിയില്ല എന്ന ഒരു തരാം അഹന്ത, (അതെന്തുമാകാം, അനാത്മികവും ആത്മീകവും ആകാം) അല്ലെങ്കില്‍ നിഗളം കടന്നു വരാം. എല്ലാം ഉണ്ട്, ഒന്നിനും മുട്ടില്ല ഇനിയിപ്പോള്‍ ദൈവവും അത്മീകതയും എന്തിനു, അത്തരം വിഷയങ്ങളില്‍ എന്തിനു ഏര്‍പ്പെടണം എന്ന ചിന്ത പോലും ഒരു പക്ഷെ കടന്നു വരാം. തനിക്കു താന്‍ പോന്ന ഒരു അവസ്ഥ. പക്ഷെ പ്രീയമുള്ളവരെ, അതും കാട്ടു മുന്തിരിങ്ങ പുറപ്പെടുവിച്ച മുന്തിരി വള്ളിക്ക് തുല്യമത്രേ. കൈപ്പിന്റെ അനുഭവം അവസാനം ദുഖകരം തന്നെ. തോട്ടത്തിന്റെ വേലി പൊളിക്കപ്പെടുന്നു, വന്യ മൃഗങ്ങള്‍ അതില്‍ കടന്ന് തോട്ടം

നാമാവശേഷമാക്കുന്നു (യെശയ്യ 5:5) ഇവിടെ നാം കണ്ടത് ദൈവം മറന്നു കളഞ്ഞ ഒന്നാം യിസ്രായേലിന്റെ ചരിത്രമത്രേ, ഈ സത്യം നമുക്കും മറക്കാതിരിക്കാം. നമ്മെ ആക്കിവെച്ചിരിക്കുന്ന ഇടങ്ങളില്‍ നമുക്ക് നമ്മുടെ തോട്ടക്കാരന് വേണ്ടി മധുര ഫലം പുറപ്പെടുവിക്കുന്ന മുന്തിരി വള്ളികളായിരിക്കാം.

അതിനു ഒരു മാര്‍ഗമേ ഉള്ളു, യോഹന്നാന്‍ പതിനെഞ്ചാം അദ്ധ്യായത്തില്‍ നമുക്കതു കാണാം. നമ്മുടെ കര്‍ത്താവ്‌ താന്‍ തന്നെ പറഞ്ഞ വാക്കുകള്‍. കര്‍ത്താവാകുന്ന മുന്തിരി വള്ളിയിലെ കൊമ്പുകളാണ് നാം. അവനില്‍ വസിച്ചാല്‍ മാത്രമേ നമുക്ക് ഫലം കായ് പ്പാന്‍ കഴിയു. നാമവിടെ വായിക്കുന്നു, ‘കായിക്കാത്ത കൊമ്പുകളെ താന്‍ നീക്കിക്കളയുന്നു. എന്നാല്‍ നമ്മുടെ കര്‍ത്താവ്‌ ദയയുള്ളവനാണ്. ഈ വര്‍ഷം ഒന്നും കായ് ച്ചില്ല

അടുത്ത വര്‍ഷം കായ് ക്കും എന്ന പ്രതീക്ഷയോടെ ചില ചെത്തു പണികള്‍ ചെയ്യുന്നു. വാക്യം രണ്ട് ഒരു ചെത്തി വെടിപ്പാക്കല്‍ പ്രക്രിയ, അത് തികച്ചും വേദനാജനകം തന്നെ, എങ്കിലും വീണ്ടും പൊട്ടി കിളുര്‍ക്കും, ഫലം കായ് ക്കും. ഇവിടെ നാം ഒന്ന് ചെയ്യേണ്ടതുണ്ട്, അവന്റെ കൈക്കീഴില്‍ താണിരിക്കേണ്ടതുണ്ട്. അവിടെ വേദന, ദുഃഖം, പ്രയാസം, നിന്ദ, പരിഹാസം തുടങ്ങിയ പ്രതികൂലങ്ങള്‍ എല്ലാം ഉണ്ടാകാം, പക്ഷെ നാം അവനില്‍ അവന്റെ കൈക്കീഴില്‍ അമര്‍ന്നിരിക്കുന്നു എങ്കില്‍ തീര്‍ച്ചയായും നമ്മില്‍ നിന്നും മധുര ഫലം പുറപ്പെടും. ഒന്ന്

നാം ചെയ്യണ്ടതുണ്ട് , അവനില്‍ വസിക്കുക. എങ്കില്‍ മാത്രമേ നമുക്കിത് സാധിക്കൂ. കഴിഞ്ഞ ദിവസം പ്രീയ സഹോദരന്‍ ഓര്‍പ്പിച്ചതുപോലെ കുശവന്റെ കൈയ്യിലെ കളിമണ്ണ് പോലെ നമുക്ക് അവന്റെ കൈക്കീഴില്‍ താണിരിക്കാം. കുശവന്റെ കൈയ്യില്‍ കളിമണ്ണ് ഒതുങ്ങി നില്‍ക്കുന്നതിനാല്‍ മനോഹരമായ ഒരു പാത്രം കുശവന്‍ അതുകൊണ്ട് നിര്‍മ്മിക്കുന്നു.

നമുക്ക് നമ്മുടെ തോട്ടക്കാരന് വേണ്ടി വരും നാളുകളില്‍ നല്ല ഫലം പുറപ്പെടുവിക്കുന്ന മുന്തിരി വള്ളികളായിരിക്കാം. യെജമാനന്‍ വിളവെടുപ്പിനായി വരുന്നു, നല്ല ഫലം, അതും വളരെ ഫലം കായ്ക്കുന്നവരായി നമുക്കിരിക്കാം.

നോക്കുക കര്‍ത്താവു താന്‍ തന്നെ പറയുന്നു, “എന്നില്‍ വസിച്ചിട്ടല്ലാതെ നിങ്ങള്‍ക്കു ഫലം കായ്പ്പാന്‍ കഴിയുകയില്ല, നാലാം വാക്യത്തിന്റെ അവസാന ഭാഗം, കൊമ്പിന് മുന്തിരി വള്ളിയില്‍ വസിച്ചിട്ടല്ലാതെ അതിനു കഴിയുകയില്ല.

സംശയം വേണ്ട നമ്മുടെ ദൈവം ദയയുള്ളവനാണ് . ഒരു വര്‍ഷം കൂടി അവന്‍ നമുക്ക് നീട്ടി തന്നിരിക്കയാണ് . “Our God is a God of Second Chance” അതെ സംശയം വേണ്ട അവന്‍ ദയയുള്ളവന്‍ തന്നെ. ഈ പുതു വര്‍ഷത്തില്‍ നമുക്ക് അവന്റെ രാജ്യ വിസ്തൃതിക്കായി ചിലതെല്ലാം ചൈയ്യാം. ചില നല്ല ഫലങ്ങള്‍ നമുക്ക് പുറപ്പെടുവിക്കാം.

തോട്ടക്കാരന്‍ വിളവെടുക്കാന്‍ വരുമ്പോള്‍ കാട്ടു മുന്തിരി അല്ല മധുര മുന്തിരി തന്നെ നമുക്ക് പുറപ്പെടുവിക്കാം. തോട്ടക്കാരന്‍ വന്നു മതില്‍ പൊളിച്ചു കളയുന്ന ഒരു അനുഭവംനമുക്കുണ്ടാകാതിരിക്കട്ടെ. നല്ല ഫലം, അതും വളരെ ഫലം പുറപ്പെടുവിക്കുന്ന മുന്തിരിവള്ളികളായി നമുക്ക് അവനില്‍ വസിക്കാം.

കര്‍ത്താവ്‌ അതിനു ഏവര്‍ക്കും സഹായിക്കട്ടെ.

Source:http://knol.google.com/k/p-v-

ariel/നമ-ക-ക-കര-ത-ത-വ-ന-യ-നല-ല-ഫല-പ-റപ-പ-ട-വ/12c8mwh

nhltu7/196

ശുഭം

A Freelance writer from Secunderabad India

Check your domain ranking

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

Let's Connect On YouTube

X